തൃശ്ശൂർ: സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാലൊന്നും തൃശൂരിൽ സുരേഷ് ഗോപിക്ക് രക്ഷ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നൽകുന്ന സംഭാവന കൊണ്ടാണ് തങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും, ജനങ്ങൾ നൽകുന്ന സംഭാവന തടയാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം കെട്ടിവെച്ച കാശിന്റെ ഉറപ്പിൽ മാത്രമല്ല. ഞങ്ങളുടെ കൈയിൽ കുറച്ച് കാശ് എല്ലാ കാലത്തും ഉണ്ടാകാറുണ്ട്, അത് രഹസ്യമല്ല. കേന്ദ്രത്തിന് നൽകുന്ന കണക്കിലും വ്യക്തമാക്കുന്ന കാര്യമാണ്. അതിൽ നിന്ന് ഒരുഭാഗം തിരഞ്ഞെടുപ്പിൽ ചെലവഴിക്കാറുണ്ട്. തൃശൂരിൽ ഉറപ്പായും സുരേഷ് ഗോപി തോൽക്കും. ഇ.ഡി.ക്കോ, ബി.ജെ.പി.ക്കോ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ല’- മുഖ്യമന്ത്രി പറഞ്ഞു.
നോട്ട്നിരോധന കാലത്ത് കേരളത്തിലെ സഹകരണ മേഖലയെ വേട്ടയാടാനുള്ള ശ്രമമായിരുന്നു നടന്നത്. അന്ന് കൃത്യമായി സർക്കാർ സഹകരണ മേഖലക്കൊപ്പം നിന്നു. സഹകരണ മേഖലകളുടെ വിശ്വാസ്യത നിലനിർത്തി പോകാണ് സഹകാരികൾ ശ്രമിക്കുന്നത്. എന്നാൽ എല്ലാത്തിനും നേതൃത്വം നല്കുന്നത് മനുഷ്യരാണ്. ചില ഘട്ടത്തിൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായ സമീപനം അവർ സ്വീകരിക്കുന്നുണ്ടാകും. അതിന്റെ ഭാഗമായി ചിലർ വഴിതെറ്റിയ നിലപാട് സ്വീകരിക്കുന്നു. അത്തരക്കാരോട് ഒരു വിട്ടു വീഴ്ചയും ഉണ്ടാറില്ല.
കരുവന്നൂരിലെ നിക്ഷേപകർക്ക് 117 കോടിയിൽപരം രൂപ തിരിച്ച് നൽകി. ആവശ്യപ്പെടുന്ന മുറയ്ക്ക് ആളുകൾക്ക് നിക്ഷേപം തിരിച്ചു നല്കാനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക്. പറഞ്ഞത് കള്ളമല്ല. കള്ളം പറഞ്ഞ് ഞങ്ങൾക്ക് ശീലമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.