കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ ടീച്ചർ പറയുന്നുണ്ടെങ്കിലും ഈ വരവിലും അതിനു ശേഷം കണ്ണൂർ തനിക്ക് തരണമെന്ന് സുരേഷ് ഗോപി പറഞ്ഞതിലും ശരിക്കും പുതുമയുണ്ട്. മുൻ കൂട്ടി മാധ്യമങ്ങളെ അറിയിച്ചു നടത്തിയ ഈ സന്ദർശനത്തിന് പിന്നിലെ രാഷ്ട്രീയ താൽപ്പര്യമാണ് സുരേഷ് ഗോപിയുടെ നാവിൽ നിന്നും ഇപ്പോൾ വീണിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് അമിത് ഷാ പങ്കെടുത്ത തൃശൂരിലെ ഒരു യോഗത്തിൽ പ്രസംഗിച്ച സുരേഷ് ഗോപി തൃശൂരല്ലങ്കിൽ കണ്ണൂരായാലും താൻ മത്സരിക്കാൻ തയ്യാറാണെന്നാണ് പ്രഖ്യാപിച്ചിരുന്നത്. സിപിഎമ്മിൻ്റെ കോട്ടയായ കണ്ണൂരിൽ കാവി രാഷ്ട്രീയത്തിന് ആധിപത്യം ഉറപ്പിക്കുക എന്നത് ബിജെപിയുടെ മാത്രമല്ല ആർഎസ്എസിൻ്റെയും സ്വപ്നമാണ്. ആ താൽപ്പര്യം തന്നെയാണ് തൃശൂരിൽ നടത്തിയ പ്രസംഗത്തിലും ഇപ്പോൾ കണ്ണൂരിൽ നടത്തിയ പ്രതികരണത്തിലും സുരേഷ് ഗോപിയും പ്രകടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര സഹമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യം തന്നെ സുരേഷ് ഗോപി കണ്ണൂരിൽ ലാൻഡ് ചെയ്തതും യാദൃശ്ചികമായി കാണാൻ സാധിക്കില്ല. മുൻ കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് അദ്ദേഹം മുൻമുഖ്യമന്ത്രിയുടെ വീട് സന്ദർശിച്ചിരിക്കുന്നത്. ഇടതുപക്ഷ മനസ്സുകളെ സ്വാധീനിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ടെന്നത് സുരേഷ് ഗോപിയെ കുറിച്ച് വാചാലയാകുന്ന നായനാരുടെ ഭാര്യയും മനസ്സിലാക്കേണ്ടതുണ്ട്.
“സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്നും ഇതിൽ രാഷ്ട്രീയമില്ലന്നും ഇതിന് മുൻപും പലതവണ വന്നിട്ടുണ്ടെന്നുമാണ് ” ശാരദ ടീച്ചർ പ്രതികരിച്ചിരിക്കുന്നത്. കാലം മാറിയെന്നും നടനായ സുരേഷ് ഗോപിയല്ല ഇപ്പോഴെന്നതും ഓർക്കണമായിരുന്നു. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയാണ് നായനാരുടെ വീട്ടിൽ എത്തിയിരിക്കുന്നത്. ഈ സന്ദർശനത്തെ എങ്ങനെയാണ് ബിജെപിയും സംഘ പരിവാർ അനുകൂല മാധ്യമങ്ങളും ഉപയോഗപ്പെടുത്തിയത് എന്നറിയണമെങ്കിൽ സോഷ്യൽ മീഡിയകളിൽ ഒന്നു പരതിയാൽ മതി. സുരേഷ് ഗോപിയെ പുകഴ്ത്തി ശാരദ ടീച്ചർ പറഞ്ഞ വാക്കുകളാണ് സഖാക്കൾക്കുള്ള മറുപടി എന്ന രൂപത്തിലാണ് പരിവാർ പ്രൊഫൈലുകൾ പ്രചരിപ്പിച്ചു വരുന്നത്.
ബിജെപി ഇടതുപക്ഷ വോട്ട് ബാങ്കിൽ കൂടി കടന്നു കയറിയ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. കമ്യൂണിസ്റ്റുകളും പരിവാറുകാരും തമ്മിൽ അവിശുദ്ധ കൂട്ട് കെട്ടുണ്ട് എന്ന് വ്യാപക പ്രചരണം നടത്തുന്ന കോൺഗ്രസ്സുകാർക്കും ലീഗുകാർക്കും സിപിഎമ്മിനെ കടന്നാക്രമിക്കാനുള്ള മറ്റൊരു അവസരമാണ് സുരേഷ് ഗോപിയുടെ സന്ദർശനത്തോടെ വീണു കിട്ടിയിരിക്കുന്നത്. അവരും അതിപ്പോൾ ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്. നായനാരുടെ കുടുംബാംഗങ്ങളിൽ മിക്കവരും സുരേഷ് ഗോപിയുടെ സന്ദർശന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു എന്നതിൽ നിന്നു തന്നെ മുൻകൂട്ടി അറിയിച്ച ശേഷം നടത്തിയ സന്ദർശനമാണ് ഇതെന്നതും വ്യക്തമാണ്.
ഒരു മന്ത്രിയോ അതല്ലെങ്കിൽ മറ്റേതെങ്കിലും രാഷ്ട്രീയ നേതാവോ എതിർ രാഷ്ട്രീയ പാർട്ടി നേതാവിൻ്റെ വീട് സന്ദർശിക്കാൻ വരുമ്പോൾ വരേണ്ട എന്ന് സ്വാഭാവികമായും പറയില്ല. പറയാനും പാടില്ല എന്നു പറയുമ്പോൾ തന്നെ ഈ സന്ദർശന സമയത്ത് ഒരു കമ്യൂണിസ്റ്റ് കുടുംബം കാണിക്കേണ്ട ജാഗ്രത നായനാരുടെ ഭാര്യ കാണിച്ചുവോ എന്ന കാര്യത്തിൽ സംശയമുണ്ട്.
സുരേഷ് ഗോപിയെ കുറിച്ച് എന്തൊക്കെ ആരോപണങ്ങളാണോ ഇടതുപക്ഷം ഉന്നയിച്ചത് അതിൽ നിന്നും തികച്ചും വ്യത്യസ്തമായി സുരേഷ് ഗോപിയുടെ കാരുണ്യ പ്രവർത്തികളെ കുറിച്ച് ഉൾപ്പെടെ പുക്ഴ്ത്തിയാണ് മാധ്യമങ്ങൾക്കു മുന്നിൽ ശാരദ ടീച്ചർ പ്രതികരിച്ചിരിക്കുന്നത്. ടീച്ചറുടെ ഈ പ്രതികരണവും ഇടതു നേതാക്കളുടെ മുൻ പ്രതികരണവും ഒരുമിച്ച് ചേർത്ത് ഇടതുപക്ഷത്തിന് മറുപടി നൽകുന്ന വീഡിയോകളും നിലവിൽ പരിവാർ ഗ്രൂപ്പുകൾ വ്യാപകമായാണ് പ്രചരിപ്പിക്കുന്നത്.
യുവാക്കൾ സാമൂഹ്യമാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം ലോകസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായെന്നു പറയുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഇത്തരം പ്രചരണങ്ങൾക്ക് വഴി മരുന്നിട്ട ശാരദ ടീച്ചറുടെ നടപടിയിലുള്ള അഭിപ്രായവും തുറന്നു പറയേണ്ടതുണ്ട്.
ആർഎസ്എസ് എന്നും ബിജെപി എന്നും കേട്ടാൽ സിരകളിൽ രക്തം തിളയ്ക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകരുള്ള പാർട്ടിയാണ് സിപിഎം. പ്രത്യയശാസ്ത്രപരമായ എതിർപ്പിനും മീതെ തന്നെയാണ് ആ പക. കേരളത്തിൽ ഏറ്റവും കൂടുതൽ സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയിരിക്കുന്നത് ആർഎസ്എസ് – ബിജെപി വിഭാഗങ്ങളാണ്. അതുകൊണ്ട് തന്നെ ഏത് കാവി മുഖത്തെ മഹത്വവൽക്കരിക്കാൻ, ആര് തന്നെ ശ്രമിച്ചാലും സിപിഎം അണികൾക്ക് പൊള്ളും. അതാകട്ടെ സ്വാഭാവികവുമാണ്.
രാജ്യത്ത് ബിജെപിയുമായും ആർഎസ്എസുമായും ഒരിക്കലും സന്ധി ചെയ്യില്ലന്ന് ഉറപ്പിച്ച് പറയാവുന്ന ഏക രാഷ്ട്രീയ പാർട്ടിയും സിപിഎമ്മാണ്. അതു കൊണ്ടാണ് ഇടതു മുന്നണി കൺവീനർ ഇപി ജയരാജൻ്റെ വീട്ടിൽ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പോയപ്പോൾ രാഷ്ട്രീയ കേരളം ഞെട്ടിപോയത്. ഇക്കാര്യത്തിൽ ഇപിജയരാജൻ്റെ വിശദീകരണം എന്തു തന്നെ ആയാലും തിരഞ്ഞെടുപ്പ് ദിവസം ഈ കൂടിക്കാഴ്ചയെ കുറിച്ച് അദ്ദേഹം പരസ്യ പ്രസ്താവന നടത്തിയത് തെറ്റു തന്നെയാണ്.
അന്ന് ഇപി ജയരാജൻ്റെ വീട്ടിൽ പ്രകാശ് ജാവദേക്കർ പോയതിൽ തെറ്റ് കാണാത്തവർക്ക് നായനാരുടെ വീട്ടിൽ സുരേഷ് ഗോപി പോയതിനെയും വിമർശിക്കാൻ കഴിയുകയില്ല. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണെന്ന് പറഞ്ഞ മുൻ മന്ത്രി ജി സുധാകരന് എതിരെയും നടപടി സ്വീകരിക്കാൻ പരിമിതിയുണ്ടാകും. ഒരു നേതാവിനെ സംരക്ഷിക്കാൻ ശ്രമിച്ച് ഇപ്പോൾ ഒരുപാട് പേരോട് വിട്ടുവീഴ്ച ചെയ്യേണ്ട ഗതികേടിലാണ് സിപിഎം നേതൃത്വം ഉള്ളത്. ശക്തമായ അച്ചടക്കമുള്ള ഒരു കേഡർ പാർട്ടിയുടെ സ്വഭാവമാണ് യഥാർത്ഥത്തിൽ ഇവിടെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.
വല്ലാത്തൊരു ഗതികേടു തന്നെയാണിത്. അതെന്തായാലും പറയാതെ വയ്യ.
പാർട്ടിക്ക് യോജിക്കാത്ത നിലപാട് ഏത് നേതാവ് സ്വീകരിച്ചാലും നേതാവിൻ്റെ കുടുംബം സ്വീകരിച്ചാലും മുഖം നോക്കാതെ ആർജവത്തോടെയുള്ള നിലപാടാണ് കമ്യൂണിസ്റ്റു പാർട്ടികൾ സ്വീകരിക്കേണ്ടത്. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങൾ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. അതിന് ഇനിയും പാർട്ടി നേതൃത്വം തയ്യാറായില്ലങ്കിൽ ഇനിയും ഇത്തരം ‘സന്ദർശന രാഷ്ട്രീയം’ ബിജെപി നേതൃത്വം തുടരും. അവരത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യും. അവർ ആത്യന്തികമായി ലക്ഷ്യമിടുന്നത് സിപിഎമ്മിൻ്റെ വോട്ട് ബാങ്കുകൾ തകർക്കുക എന്നതു തന്നെയാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ അണിനിരക്കുന്ന സിപിഎമ്മിൻ്റെ അടിത്തറ തകർക്കാതെ ഹിന്ദു പാർട്ടിയായ ബിജെപിക്ക് വളർച്ച സാധ്യമല്ലന്ന തിരിച്ചറിവിൻ്റെ അടിസ്ഥാനത്തിലാണ് ഈ നീക്കങ്ങളെല്ലാം നടക്കുന്നത്. ഇതിന് പിന്നിൽ ചുക്കാൻ പിടിക്കുന്നതാകട്ടെ ആർഎസ്എസ് നേതൃത്വവുമാണ്.
പ്രത്യേകിച്ച് ഒരു തരംഗവും ഇല്ലാതെ നടന്ന ഇപ്പോഴത്തെ ലോകസഭ തിരഞ്ഞെടുപ്പിൽ ഇത്രയും വലിയ തിരിച്ചടി ഇടതുപക്ഷത്തിന് ലഭിക്കുന്നതിൽ ഒരു പ്രധാന കാരണം. ബിജെപി നേതാവിൻ്റെ സന്ദർശനം സംബന്ധിച്ച് ഇപി ജയരാജൻ പരസ്യമായി സ്ഥിരീകരണം നൽകിയത് തന്നെയാണ്. വോട്ടെടുപ്പിൻ്റെ അവസാന ലാപ്പിൽ മുസ്ലിംന്യൂനപക്ഷ കേന്ദ്രങ്ങളിൽ ഈ സംഭവം യുഡിഎഫ് വ്യാപകമായാണ് പ്രചരിപ്പിച്ചിരുന്നത്. അതിൽ ഒരു പരിധി വരെ നേട്ടം കൊയ്യാനും അവർക്ക് സാധിച്ചിട്ടുണ്ട്.
ശബരിമലയും രാഹുൽ എഫക്ടും ഇല്ലാതെ നടന്ന തിരഞ്ഞെടുപ്പിലാണ് ഒറ്റ സീറ്റിൽ സിപിഎം ഒതുങ്ങി പോയത് എന്നത് പരാജയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. 11 നിയമസഭാ സീറ്റുകളിൽ ഒന്നാമതും 9 നിയമസഭാ സീറ്റുകളിൽ രണ്ടാമതും ബിജെപിക്ക് എത്താൻ കഴിഞ്ഞത് ഇടതുപക്ഷത്തിൻ്റെ പിന്നോക്ക, ദളിത് വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായതു കൊണ്ടാണ്. ന്യൂനപക്ഷ സമുദായങ്ങൾക്കു വേണ്ടി ഏറ്റവും ശക്തമായ നിലപാട് ഇടതുപക്ഷം എടുത്തിട്ടും മുസ്ലിം – ക്രൈസ്തവ വിഭാഗങ്ങളിൽ നല്ലൊരു വിഭാഗവും പിന്തുണച്ചിരിക്കുന്നത് യുഡിഎഫിനെയാണ്. ഇതിൻ്റെ കാരണവും ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ, 2026-ൽ തിരിച്ചു വരിക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. 2019-ൽ ഏറ്റ തിരിച്ചടി മറികടന്ന് തിരിച്ചു വരാൻ 2021-ൽ പ്രകൃതി തന്നെ ഒരുക്കി തന്നെ അനുകൂല സാഹചര്യങ്ങൾ 2026-ൽ ഉണ്ടാകില്ലന്നതും ഇടതുപക്ഷ നേതൃത്വം ഓർത്തു കൊള്ളണം.
എവിടെയാണ് പിശക് പറ്റിയത് എന്നത് ഓരോ ഇടതുപക്ഷ നേതാക്കൾക്കും കൃത്യമായി തന്നെ അറിയാം. അത് പറയേണ്ട ഘടകങ്ങളിൽ പറയേണ്ട രൂപത്തിൽ പറഞ്ഞ് ഈ പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള തുടർ നടപടിയാണ് എടുപ്പിക്കേണ്ടത്. വിമർശനവും സ്വയം വിമർശനവും നടത്തുന്ന കമ്യൂണിസ്റ്റു പാർട്ടികളിൽ നിന്നും ഇടതുപക്ഷ കേരളം പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്.
EXPRESS KERALA VIEW