സൂരിയെ നായകനാക്കി ആര്‍എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ഗരുഡന് മികച്ച കളക്ഷൻ. ഉണ്ണി മുകുന്ദന്‍, ശശികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ആഗോളതലത്തില്‍ 56.76 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ട്.
റൂറല്‍ ആക്ഷന്‍ ഡ്രാമ ഴാനറിലുള്ള ചിത്രം ആദ്യദിനത്തില്‍ 2.5 കോടിയാണ് നേടിയിരുന്നത്. രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധവും അതില്‍ പിന്നീടുണ്ടാകുന്ന സംഘര്‍ഷങ്ങളും ഭിന്നതയുമൊക്കെയാണ് ചിത്രം പറയുന്നത്.
സമുദ്രക്കനി, ദിഷ്യന്ത്, ആര്‍വി ഉദയകുമാര്‍, വടിവുക്കരസൈ, ശിവദ, മൈം ഗോപി, രോഷിണി ഹരിപ്രിയന്‍, ബ്രിഗഡ സാഗ, രേവതി ശര്‍മ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയതായും സൂചനകളുണ്ട്.
യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണവും കഥാ രചനയും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ വെട്രിമാരനാണ്. സൂരി ലീഡ് റോളിലെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഗരുഡന്‍. ‘വിടുതലൈ പാര്‍ട്ട് 1’, ‘കോട്ടുകാലി’ തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് രണ്ട് ചിത്രങ്ങള്‍.