ഡൽഹി ∙ സുപ്രീം കോടതിയിൽ വനിതാ വക്കീലിനെ കുരങ്ങ് കടിച്ചു. അഭിഭാഷക എസ്.സെൽവകുമാരിയാണ് ആക്രമണം നേരിട്ടത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി മ്യൂസിയത്തിനരികിലുള്ള ‘ജി’ ഗേറ്റിലൂടെ അകത്തേക്കു കടക്കമ്പോഴാണു സംഭവം. പെട്ടെന്ന് ഒരു സംഘം കുരങ്ങന്മാർ പാഞ്ഞടുത്തു. ഭയന്നു നിലവിളിക്കുന്നതിനിടെ അതിലൊരെണ്ണം വലതുകാലിൽ കടിച്ചു. ഉടൻ സുപ്രീം കോടതി ഡിസ്പെൻസറിയിലേക്ക് പോയെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടച്ചിട്ടിരിക്കുകയായിരുന്നു. നേരെ റജിസ്ട്രാർ കോടതിയുടെ അടുത്തുള്ള പോളിക്ലിനിക്കിലേക്കു പോയി. അവിടെ ഡോക്ടർമാരുണ്ട്. പക്ഷേ, മരുന്നില്ല. മുറിവു വച്ചുകെട്ടിയ ശേഷം ആർഎംഎൽ ആശുപത്രിയിലേക്ക് പോകാനാണ് അവർ നിർദേശിച്ചത്.
ഒടുവിൽ ഹൈക്കോടതി ഡിസ്പെൻസറിയിലേക്ക് പോയി. അവിടെ മരുന്നുണ്ടായിരുന്നു. ടെറ്റനസ് കുത്തിവയ്പ്പും എടുത്തു. എങ്കിലും ഒരുറപ്പിന് വേണ്ടി ആർഎംഎലിൽ ചെന്നു. അവിടെനിന്ന് 3 കുത്തിവയ്പ്പെടുത്തു. അടുത്ത ദിവസങ്ങളിൽ വീണ്ടും കുത്തിവയ്പ്പെടുക്കണം. ‘ഇപ്പോൾ കടുത്ത പനിയുണ്ട്. പേടി വിട്ടുമാറിയിട്ടില്ല. സുപ്രീം കോടതിയുടെ ക്ലിനിക്കിൽ പ്രാഥമിക ചികിത്സയ്ക്കുള്ള മരുന്നെങ്കിലും കരുതിവയ്ക്കണം. ഈ കുരങ്ങന്മാരെ തുരത്താൻ മരുന്നിനെങ്കിലും ഒരാളെ നിയമിക്കണം’– ബാർ അസോസിയേഷനിലെ സ്ഥിരം അംഗമായ സെൽവകുമാരി പറഞ്ഞു. ജഡ്ജിമാരുടെ ബംഗ്ലാവിലേക്കുള്ള കുരങ്ങന്മാരുടെ കടന്നുകയറ്റം തടയാൻ ജീവനക്കാരെ നിയമിക്കുന്നതിന് 2002ൽ സുപ്രീം കോടതി കരാർ ക്ഷണിച്ചിരുന്നു. ഡൽഹിയിലെ അതിരൂക്ഷമായ കുരുങ്ങുശല്യം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കഴിഞ്ഞ വർഷം പൊതുതാൽപര്യ ഹർജിയുമെത്തി. എന്നാൽ, നടപടി എടുത്തിട്ടില്ല.