നിരീക്ഷണം ശക്തം: എംപോക്സ് ഖത്തറിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം

നിരീക്ഷണം ശക്തം: എംപോക്സ് ഖത്തറിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം
നിരീക്ഷണം ശക്തം: എംപോക്സ് ഖത്തറിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം

ദോഹ: ഖത്തറില്‍ ഇതുവരെ എംപോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എംപോക്സ് കേസുകള്‍ നേരത്തെ തന്നെ കണ്ടെത്തുന്നതിനായുള്ള നിരീക്ഷണം ഉള്‍പ്പെടെ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. എംപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. രാജ്യത്തെ ആരോഗ്യ മേഖല തുടര്‍ച്ചയായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്ത് വരികയാണെന്ന് മന്ത്രാലയം വിശദമാക്കി. പൊതു, സ്വകാര്യ ആരോഗ്യ മേഖലകളിലെ വിദഗ്ധര്‍ പൂര്‍ണമായും ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ ഏതെങ്കിലും കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ അടിയന്തരമായി കൈകാര്യം ചെയ്യാന്‍ സജ്ജമാണ്.

എംപോക്സുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുകയും നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്നവരില്‍ രോഗം ഇല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഓർത്തോപോക്സ് വൈറസ് ജനുസ്സിൽ പെട്ട മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് എം പോക്സ്. 1958ൽ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. പിന്നാലെ രോഗം ബാധിച്ച കുരങ്ങുകൾ അടക്കമുള്ള മൃഗങ്ങളുമായി സമ്പർക്കം പുലർത്തിയ മനുഷ്യരിലേക്കും രോഗം പടർന്നു. 1970-ൽ കോംഗോയിൽ ഒമ്പത് മാസം പ്രായമുള്ള ഒരു ആൺകുഞ്ഞിലാണ് മനുഷ്യരിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ കൂട്ട മരണത്തിന് ഇടയാക്കിയ വസൂരി വൈറസുകളുടെ അതേ വിഭാഗത്തിലാണ് മങ്കി പോക്‌സും ഉൾപ്പെടുന്നത്. ശരീരത്തിൽ ചുണങ്ങ് ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം. പിന്നാലെ ഇവ പഴുപ്പ് നിറഞ്ഞ വലിയ കുരുക്കളായി മാറുകയും ചെയ്യുന്നു. പനി, തലവേദന, പേശി വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. എം പോക്സ് ബാധിച്ച് കഴിഞ്ഞാൽ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

Top