സിഡ്‌നി: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിന് ഓസ്ട്രേലിയൻ വനിത എം.പിയെ തന്റെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത് ഭരണകക്ഷിയായ ലേബർ പാർട്ടി. മുസ്ലിം പ്രതിനിധിയും എംപിയുമായ ഫാത്തിമ പേമാനെ പാർട്ടിയിൽ നിന്ന് അനിശ്ചിതകാലത്തേക്കാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഫലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള ഗ്രീൻ പാർട്ടിയുടെ നിർദേശത്തെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു നടപടി.
ഓസ്ട്രേലിയൻ എ.ബി.സി ന്യൂസ് ചാനലാണ് ഞായറാഴ്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിന് സെനറ്റർ ഫാത്തിമ നൽകിയ പിന്തുണ ലേബർ പാർട്ടിക്കുള്ളിൽ വ്യാപകമായ തർക്കത്തിന് കാരണമായി. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും പാർട്ടി നേതാവുമായ ആന്റണി അൽബാനീസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സെനറ്റിലെ യോഗങ്ങളിൽ പങ്കെടുക്കാനുള്ള ഫാത്തിമ പേമാന്റെ അവകാശം പാർട്ടി താൽക്കാലികമായി റദ്ദാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.
ജൂൺ 25ന് രണ്ടാം തവണയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഗ്രീൻ പാർട്ടി അവതരിപ്പിച്ച പ്രമേയം ഓസ്ട്രേലിയൻ സെനറ്റ് നിരസിച്ചു. അഫ്ഗാനിസ്ഥാനിൽ ജനിച്ച ഫാത്തിമ പേമാൻ 2022ലാണ് ഓസ്ട്രേലിയൻ സെനറ്റിൽ അംഗമാകുന്നത്. ഹിജാബ് ധരിച്ച ആദ്യ മുസ്‌ലിം വനിത എന്ന നിലയിലും ഇവർ നേരത്തെ വാർത്ത ശ്രദ്ധേ നേടിയിരുന്നു. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ മൂന്നാമത്തെ പ്രായം കുറഞ്ഞ പാർലമെന്റേറിയനാണിവർ. ലേബർ പാർട്ടിയിൽ നിന്ന് അവർ മാത്രമാണ് ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്ന നിർദ്ദേശത്തെ പിന്തുണച്ചിരുന്നത്. ഇത് പാർട്ടി യോഗങ്ങളിൽ നിന്ന് ഫാത്തിമ പേമാനെ വിലക്കുന്നതിനും കാരണമായി.