ക്‌നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിന് സസ്‌പെന്‍ഷന്‍; സഭാപരമായ ചുമതലകളില്‍നിന്നു നീക്കി

ക്‌നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിന് സസ്‌പെന്‍ഷന്‍; സഭാപരമായ ചുമതലകളില്‍നിന്നു നീക്കി

കോട്ടയം: ക്‌നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിനെ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവാ സസ്‌പെന്‍ഡ് ചെയ്തു. അടുത്തൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സഭാപരമായ ചുമതലകളില്‍നിന്നു നീക്കിയതായി ഇന്നു പുറത്തിറക്കിയ കല്‍പനയില്‍ വ്യക്തമാക്കുന്നു. സസ്‌പെന്‍ഷനിലേക്കു നയിച്ച വിഷയങ്ങളില്‍ പുനര്‍വിചിന്തനം നടത്തിയാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിഗണിക്കുമെന്നും കല്‍പനയില്‍ പറയുന്നു. പകരക്കാരനു ചുമതല നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനു ശേഷമാകും തീരുമാനിക്കുക എന്നും കല്‍പനയില്‍ പാത്രിയര്‍ക്കീസ് ബാവാ പറയുന്നു.

അമേരിക്കയിലെ ക്‌നാനായ പള്ളിയില്‍ വിശുദ്ധ വാരത്തില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്ക് ശുശ്രൂഷ ചെയ്യാന്‍ അവസരം നല്‍കിയതും ഓര്‍ത്തഡാേക്‌സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവായ്ക്കു സ്വീകരണം നല്‍കിയതുമായ സംഭവങ്ങളില്‍ സഭയുടെ നിലപാടുകള്‍ക്കും നിയമവ്യവസ്ഥകള്‍ക്കും വിരുദ്ധമായാണ് മാര്‍ സേവേറിയോസ് പ്രവര്‍ത്തിച്ചതെന്നു കല്‍പനയില്‍ പറയുന്നു. ഇതു സംബന്ധിച്ച് ഇന്നലെ ഓണ്‍ലൈനില്‍ വിശദീകരണം നല്‍കാന്‍ മാര്‍ സേവേറിയോസിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് കുര്യാക്കോസ് മാര്‍ സേവേറിയോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണു സസ്‌പെന്‍ഷന്‍.

Top