സ്റ്റോക്ഹോം: മൊബൈല്‍ ഫോണില്ലാതെ ഭക്ഷണം കഴിക്കാത്ത കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ചുരുക്കമായിരിക്കും. അച്ഛനമ്മമാര്‍ തന്നെയാണ് കുട്ടികളെ ഇത്തരത്തില്‍ ശീലിപ്പിക്കുന്നതെന്ന് പറയാം. എന്നാല്‍ ഇനി ഇതൊന്നും സ്വീഡനില്‍ നടക്കില്ല. രണ്ടുവയസ്സില്‍ത്താഴെയുള്ള കുഞ്ഞുങ്ങളെ ഒരുകാരണവശാലും ടെലിവിഷനോ ഡിജിറ്റല്‍ മീഡിയയോ കാണിക്കരുതെന്ന കര്‍ശന നിര്‍ദേശം അച്ഛനമ്മമാര്‍ക്ക് നല്‍കിയിരിക്കുകയാണ് സ്വീഡിഷ് സര്‍ക്കാര്‍.
രണ്ടിനും അഞ്ചിനുമിടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെ ദിവസം പരമാവധി ഒരുമണിക്കൂര്‍വരെ സ്‌ക്രീനില്‍നോക്കാന്‍ അനുവദിക്കാമെന്ന് സ്വീഡിഷ് ആരോഗ്യവകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ആറുമുതല്‍ 12 വയസ്സുവരെ പ്രായക്കാര്‍ക്ക് അത് ഒന്നുമുതല്‍ രണ്ടുമണിക്കൂര്‍വരെയാണ്. 13-18 വരെയുള്ള കൗമാരക്കാര്‍ക്ക് 2-3 മണിക്കൂര്‍ സ്‌ക്രീന്‍ സമയമാണ് അനുവദിച്ചിട്ടുള്ളത്.
Also Read: നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ കണ്ടന്റ് മേധാവിക്ക് നോട്ടീസ്
സ്‌കൂള്‍സമയത്തിനു പുറമേ സ്വീഡനിലെ കൗമാരക്കാര്‍ ശരാശരി ആറുമണിക്കൂര്‍വരെ ഒരുദിവസം സ്‌ക്രീനിനുമുന്നില്‍ സമയം ചെലവിടുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ജേക്കബ് ഫോസ്മെഡ് പറഞ്ഞു. കുഞ്ഞുങ്ങള്‍ കായികപ്രവര്‍ത്തികളിലേര്‍പ്പെടുന്നില്ല. അവരുടെ സാമൂഹിക ഇടപെടലും നന്നേ കുറഞ്ഞു. സ്വീഡനിലെ കൗമാരക്കാരില്‍ പാതിയും ഉറക്കപ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് പഠനം.
Also Read: മെറ്റയുടെ ജാഗ്രതാ സന്ദേശത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമം; രക്ഷിച്ച് പൊലിസ്
അമിത മൊബൈല്‍ ഫോണുപയോഗം കുട്ടികളില്‍ ശാരീരികപ്രശ്‌നങ്ങള്‍ക്കൊപ്പം വിഷാദമടക്കമുള്ള മാനസികപ്രയാസങ്ങളുമുണ്ടാക്കുന്നു. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് സ്‌ക്രീനില്‍ ഒട്ടും നോക്കാന്‍ പാടില്ലെന്നും ഫോണുകളും ടാബ്‌ലെറ്റുകളും കുട്ടികളുടെ മുറികളില്‍നിന്ന് മാറ്റിവെക്കണമെന്നും രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.