CMDRF

ഒന്നാമൻ സ്വിഫ്റ്റ്; ഇന്ത്യൻ വിപണിയിൽ ഹാച്ച്ബാക്ക് വിൽപനയിൽ ഇടിവ്

ഒന്നാമൻ സ്വിഫ്റ്റ്; ഇന്ത്യൻ വിപണിയിൽ ഹാച്ച്ബാക്ക് വിൽപനയിൽ ഇടിവ്
ഒന്നാമൻ സ്വിഫ്റ്റ്; ഇന്ത്യൻ വിപണിയിൽ ഹാച്ച്ബാക്ക് വിൽപനയിൽ ഇടിവ്

ന്ത്യൻ കാർ വിപണിയിൽ ഹാച്ച്ബാക്ക് വിൽപനയിൽ 15.13 ശതമാനത്തിന്റെ ഇടിവ്. ജൂലൈ മാസത്തിലെ ഹാച്ച്ബാക്ക് വിൽപനയുടെ കണക്കുകൾ പുറത്തുവന്നപ്പോൾ മാരുതിയുടെ ചില മോഡലുകളും എംജി കോമറ്റും സിട്രോൺ ഇസി3ഇവിയും അല്ലാതെ എല്ലാ മോഡലുകളും വിൽപനയിൽ തിരിച്ചടി നേരിട്ടു. 2023 ജൂലൈയിൽ 97,595 കാറുകൾ വിറ്റ സ്ഥാനത്ത് ഇക്കഴിഞ്ഞ ജൂലൈയിൽ 82,831 ഹാച്ച്ബാക്കുകൾ മാത്രമാണ് ഇന്ത്യയിൽ വിറ്റു പോയത്. വാർഷിക വിൽപനയിലെ കുറവ് 14,764 യൂണിറ്റുകൾ.

ജൂലൈയിലെ വിൽപനയിൽ മുന്നിലുള്ള ഹാച്ച് ബാക്ക് മാരുതി സ്വിഫ്റ്റാണ്. പുതു തലമുറ സ്വിഫ്റ്റിന്റെ 16,854 യൂണിറ്റുകളാണ് ജൂലൈയിൽ മാരുതി വിറ്റത്. അപ്പോഴും കഴിഞ്ഞ വർഷം ജൂലൈ മാസവുമായി(17,896) താരതമ്യപ്പെടുത്തുമ്പോൾ സ്വിഫ്റ്റിന്റെ വിൽപന 5.82 ശതമാനം കുറഞ്ഞിരിക്കുകയാണ്. എങ്കിലും ഇപ്പോഴും ഇന്ത്യൻ ഹാച്ച് ബാക്ക് വിപണിയുടെ 20.35ശതമാനവും സ്വിഫ്റ്റിന് അവകാശപ്പെട്ടതാണ്.

മാരുതിയുടെ മറ്റൊരു മോഡലായ ബലേനോയിലേക്കു വരുമ്പോൾ മൂന്നാം സ്ഥാനമുണ്ടെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2024 ജൂലൈയിൽ 9,309 യൂണിറ്റുകൾ വിറ്റ ബലേനോ 2023 ജൂലൈയിൽ 16,725 യൂണിറ്റുകൾ വിറ്റിരുന്നു. പട്ടികയിൽ മൂന്നാംസ്ഥാനത്തുള്ളപ്പോഴും മാരുതിയെ ആശങ്കപ്പെടുത്തുന്നതാണ് ബലേനോയുടെ കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് ബലേനോയുടെ വിൽപനയിൽ -44.34 ശതമാനമാണ് ഇടിവു രേഖപ്പെടുത്തിയിരിക്കുന്നത്.

നാലാംസ്ഥാനത്ത് ജനകീയ ഹാച്ച്ബാക്കായ മാരുതി ഓൾട്ടോയാണ്. ഇക്കഴിഞ്ഞ ജൂലൈയിൽ 7,353 ഓൾട്ടോകൾ വിറ്റ മാരുതി 2023 ജൂലൈയിൽ 7,099 ഓൾട്ടോകളാണ് വിറ്റിരുന്നത്. ഓൾട്ടോക്ക് ഹാച്ച്ബാക്ക് വിപണിയിൽ 8.88 ശതമാനം വിപണി പങ്കാളിത്തമുണ്ട്. ആദ്യ നാലു സ്ഥാനങ്ങളും നേടിക്കൊണ്ട് ഹാച്ച്ബാക്ക് വിപണിയിലെ മേൽക്കോയ്മ മാരുതി തുടരുകയാണ്.

ഹാച്ച്ബാക്ക് വിൽപനയിൽ ടാറ്റയുടെ പ്രകടനം സമ്മിശ്രമാണ്. ഇവി മോഡൽ അടക്കമുള്ള ടാറ്റ ടിയാഗോക്ക് മുൻ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 36.93 ശതമാനം ഇടിവു നേരിടേണ്ടി വന്നു. പട്ടികയിൽ അഞ്ചാമതുള്ള ടിയാഗോയുടെ 5,665 യൂണിറ്റുകളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഇത് 8,982 യൂണിറ്റുകളായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 39.93 ശതമാനത്തിന്റെ ഇടിവ്. ടാറ്റ ആൾട്രോസിനും വലിയ തിരിച്ചടി(-55.94%) നേരിടേണ്ടി വന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 4,373 യൂണിറ്റുകൾ കുറവാണ് ആൾട്രോസ് വിറ്റു പോയത്. ഇക്കഴിഞ്ഞ ജൂലൈയിൽ ആകെ 3,444 ആൾട്രോസുകൾ മാത്രമേ ടാറ്റക്ക് വിൽക്കാനായുള്ളൂ.

ഹ്യുണ്ടേയുടെ ഹാച്ച്ബാക്ക് മോഡലുകളാ ഐ20യും ഐ10 നിയോസും തിരിച്ചടി നേരിട്ടെങ്കിലും പിടിച്ചു നിന്നു. ഐ20 ഇക്കഴിഞ്ഞ ജൂലൈയിൽ വിറ്റത് 4,937 യൂണിറ്റുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് 64 യൂണിറ്റ് കുറവ്. ഐ10 നിയോസ് ആവട്ടെ 4,922 യൂണിറ്റുകൾ കഴിഞ്ഞ മാസം വിറ്റു. കഴിഞ്ഞ വർഷം ജൂലൈയിലെ വിൽപനയെ അപേക്ഷിച്ച് ഐ10 നിയോസിന്റെ വിൽപനയിൽ 7.78 ശതമാനം കുറവുണ്ടായി. ബലേനോയുടെ ടൊയോട്ട വകഭേദമായ ഗ്ലാൻസയും ജൂലൈയിലെ(4,836) വിൽപനയിൽ തിരിച്ചടി നേരിട്ടു. മുൻ വർഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 1.35 ശതമാനമാണ് വിൽപനയിലെ കുറവ്.

2,607 യൂണിറ്റുകൾ വിറ്റ മാരുതി എസ് പ്രസോ മുൻ വർഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 4.66% വിൽപന വളർച്ചയും നേടി. എന്നാൽ മാരുതിയുടെ മറ്റു മോഡലുകളായ സെലേറിയോയും(-14.79) ഇഗ്നിസും(-31.24) തിരിച്ചടി നേരിട്ടു. 565 യൂണിറ്റുകൾ മാത്രം വിൽക്കാനായ ക്വിഡിനും(-25.85%) ജൂലൈയിലെ കണക്കുകൾ തിരിച്ചടിയാണ്. അതേസമയം എംജി മോട്ടോഴ്‌സിന്റെ കോമറ്റ് ഇവി മുൻ വർഷത്തെ അപേക്ഷിച്ച് 7.43 ശതമാനം വിൽപന വളർച്ച നേടി. ഇക്കഴിഞ്ഞ ജൂലൈയിൽ 1,200 കോമറ്റ് ഇവിയാണ് എംജി മോട്ടോഴ്‌സ് വിറ്റത്.

ഹാച്ച്ബാക്ക് വിഭാഗത്തിലെ പുതുക്കക്കാരായ സിട്രോൺ മികച്ച പ്രകടനമാണ് നടത്തിയത്. 2024 ജൂലൈയിൽ 177 ഇസി3 ഇവികൾ വിറ്റ സിട്രോൺ മുൻ വർഷത്തെ അപേക്ഷിച്ച് ഈ മോഡലിന്റെ കാര്യത്തിൽ 261.22% വിൽപന വളർച്ച നേടി. അതേസമയം സിട്രോൺ സി3 72.81% ഇടിവാണ് വിൽപനയിൽ(90 യൂണിറ്റ്) രേഖപ്പെടുത്തിയത്

Top