രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരായ സ്വിഗ്ഗി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. സ്വിഗ്ഗി ഐപിഒയ്ക്ക് ഇന്ന് തുടക്കമാകും. 4499 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 175,087,863 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, ജെ.പി. മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, അവെന്‍ഡസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
ഓഹരികള്‍ക്ക് അപേക്ഷിക്കണോ?
സ്വിഗ്ഗിയുടെ ഓഹരികള്‍ക്ക് അപേക്ഷ നല്‍കണോ എന്ന കാര്യത്തില്‍ വിദഗ്ധരുടെ ഇടയില്‍ ഭിന്നാഭിപ്രായമുണ്ട്. ചില ബ്രോക്കേറജുകള്‍ നിക്ഷേപം നടത്തണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഓഹരി വില താരതമ്യേന ന്യായീകരിക്കാവുന്നതാണെന്നാണ് ഇതിന് ഇവര്‍ പറയുന്ന ന്യായം. അതേ സമയം നിലവിലെ സ്വിഗ്ഗിയുടെ സാമ്പത്തിക നഷ്ടം കാരണം നിക്ഷേപത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് മറ്റു ചിലര്‍ നിര്‍ദേശിക്കുന്നത്. 2024 ജൂണ്‍ പാദത്തില്‍ സ്വിഗ്ഗി 611.1 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 3,310.11 കോടി രൂപയാണ് ഈ കാലയളവിലെ കമ്പനിയുടെ വരുമാനം. 2024 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നഷ്ടം 2,350.24 കോടി രൂപയിലെത്തിയിട്ടുണ്ട്.
ഈ വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, സ്വിഗ്ഗി അതിന്റെ സേവനങ്ങള്‍ വിപുലീകരിക്കുന്നത് തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ഐപിഒ. ഐപിഒ വഴി 11,327.43 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഫുഡ് ഡെലിവറി വിപണിയിലെ രണ്ട് സുപ്രധാന കമ്പനികളില്‍ ഒന്നാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്വിഗ്ഗി. ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോയാണ് മറ്റൊന്ന്. ഏകദേശം 90-95% വിപണി വിഹിതമാണ് ഇരു കമ്പനികള്‍ക്കുമുള്ളത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം വിപണിയുടെ 53 ശതമാനവും സൊമാറ്റോയുടെ പക്കലാണ്. സ്വിഗിയുടെ ആകെ വിപണി മൂല്യം 99,000 കോടി രൂപയായാണ് കണക്കാക്കിയിരുന്നത്. സ്വിഗിയുടെ എതിരാളികളായ സൊമാറ്റോയുടെ വിപണി മൂല്യത്തേക്കാള്‍ കുറവാണിത്. 1.60 ലക്ഷം കോടി രൂപയാണ് സൊമാറ്റോയുടെ വിപണി മൂല്യം.