സൈമ നെക്സ സ്ട്രീമിങ് അക്കാദമി അവാര്‍ഡ് ;മികച്ച സംവിധായകനായി കൃഷാന്ദ്

സൈമ നെക്സ സ്ട്രീമിങ് അക്കാദമി അവാര്‍ഡ് ;മികച്ച സംവിധായകനായി കൃഷാന്ദ്
സൈമ നെക്സ സ്ട്രീമിങ് അക്കാദമി അവാര്‍ഡ് ;മികച്ച സംവിധായകനായി കൃഷാന്ദ്

മുംബൈ: സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ മൂവി (സൈമ) നെക്സ സ്ട്രീമിങ് അക്കാദമി അവാര്‍ഡില്‍ പ്രാദേശിക സിനിമകളിലെ മികച്ച സംവിധായകനായി കൃഷാന്ദ്. പുരുഷപ്രേതം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ജൂലൈ 21 ന് മുംബൈയില്‍ വെച്ചായിരുന്നു പുരസ്‌കാര ചടങ്ങ് നടന്നത്. 48 വിഭാഗങ്ങളിലായി ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളിലേയും ഒടിടി കണ്ടന്റുകള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്.

2023 മാര്‍ച്ച് 24 ന് സോണി ലിവിലൂടെയാണ് പുരുഷപ്രേതം സ്ട്രീമിങ് ആരംഭിച്ചത്. ക്രൈം കോമഡി ചിത്രമെന്ന നിലയിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. പ്രശാന്ത് അലക്സാണ്ടര്‍, ദര്‍ശന രാജേന്ദ്രന്‍, ജഗദീഷ്, ദേവകി രാജേന്ദ്രന്‍, ജെയിംസ് ഏലിയ, ജിയോ ബേബി, ഐക ദേവ്, മനോജ് കാന സഞ്ജു ശിവറാം തുടങ്ങിയ താരനിര സിനിമയില്‍ ഭാഗമായിരുന്നു.

കൃഷാന്ദിന്റെ മൂന്നാമത്തെ ചിത്രമാണിത്. മനു തൊടുപുഴയുടെ കഥയ്ക്ക് അജിത് ഹരിദാസാണ് തിരക്കഥ ഒരുക്കിയത്. മാന്‍കൈന്‍ഡ് സിനിമാസ് വേണ്ടി ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ മീഡിയക്ക് വേണ്ടി ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സിമട്രി സിനിമക്ക് വേണ്ടി വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Top