ബാർബഡോസ്: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ അവസാന ഓവർ വരെ നീണ്ട ത്രീല്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ട്വന്‍റി20 ലോക കിരീടത്തിൽ മുത്തമിട്ടത്. കൈവിട്ട മത്സരം അവസാന ഓവറുകളിൽ ഇന്ത്യൻ പേസർമാർ തിരിച്ചുപിടിക്കുകയായിരുന്നു.
ഒരു ഐ.സി.സി കിരീടത്തിനായുള്ള 11 വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പാണ് രോഹിത്തും സംഘവും അവസാനിപ്പിച്ചത്. വിരാട് കോഹ്ലിയുടെ അർധ സെഞ്ച്വറിയുടെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 2007ലെ പ്രഥമ ട്വന്‍റി20 ലോകകപ്പിലാണ് ഇന്ത്യ ഇതിനു മുമ്പ് കിരീടം നേടിയത്. 2014ൽ ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റു. ഒരു ഐ.സി.സി ലോകകപ്പ് കിരീടത്തിനായി ദക്ഷിണാഫ്രിക്ക ഇനിയും കാത്തിരിക്കണം.
കോഹ്ലി ഫൈനലിലെ താരമായും ബുംറ ടൂർണമെന്‍റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. കന്നി ലോകകപ്പ് കിരീടത്തിലേക്ക് 30 പന്തിൽ 30 റൺസ് മാത്രം അകലെയായിരുന്നു പ്രോട്ടീസ്. ബുംറ എറിഞ്ഞ 16ാം ഓവറിൽ നാലു റൺസ് മാത്രാണ് കൊടുത്തത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ഹാർദിക് വെടിക്കെട്ട് ബാറ്റർ ക്ലാസനെ മടക്കി, നാലു റൺസാണ് വഴങ്ങിയത്.
18ാം ഓവറിൽ ബുംറ മാർകോ ജാൻസനെ ബൗൾഡാക്കി, വിട്ടുകൊടുത്തത് രണ്ടു റൺസും. ഇതോടെ രണ്ടു ഓവറിൽ പ്രോട്ടീസിന്‍റെ വിജയലക്ഷ്യം 20 റൺസായി. അർഷ് ദീപാണ് 19ാം ഓവർ എറിഞ്ഞത്. നാലു റൺസ് മാത്രമാണ് താരം വഴങ്ങിയത്. ഓരോവറിൽ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 16 റൺസായി. ഇന്ത്യക്കായി അവസാന ഓവർ എറിയാനെത്തിയത് ഹാർദിക്.
ആദ്യ പന്തിൽതന്നെ ബൗഡറി ലൈനിൽ ഒരു അദ്ഭുത ക്യാച്ചിലൂടെ ഡേവിഡ് മില്ലറെ സൂര്യകുമാർ കൈയിലൊതുക്കി. 17 പന്തിൽ 21 റൺസുമായി മില്ലർ മടങ്ങി. രണ്ടാം പന്തിൽ കഗിസോ റബാദ ബൗണ്ടറി നേടി. മൂന്ന്, നാലു പന്തുകളിൽ സിംഗ്ൾ മാത്രമാണ് നേടാനായത്. അഞ്ചാം പന്ത് വൈഡ്. ലക്ഷ്യം രണ്ടു പന്തിൽ ഒമ്പതായി. തൊട്ടടുത്ത പന്തിൽ റബാദ പുറത്തായതോടെ ഒരു പന്തിൽ ലക്ഷ്യം ഒമ്പതായി. അവസാന പന്തിൽ ഒരു റൺ മാത്രമാണ് നേടാനായത്. ഇന്ത്യക്ക് ഏഴ് റൺസ് ജയം.
ക്ലാസന്‍റെ വെടിക്കെട്ടിൽ ഏറെക്കുറെ ജയിച്ചെന്ന മത്സരമാണ് ഇന്ത്യൻ ബൗളർമാർ അവസാന ഓവറുകളിൽ തടഞ്ഞുനിർത്തിയത്. 27 പന്തിൽ 52 റൺസെടുത്താണ് താരം പുറത്തായത്. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ഓപ്പണർ റീസ ഹെൻറിക്സിനെ ജസ്പ്രീത് ബുംറ ബോൾഡാക്കി.
അഞ്ചു പന്തിൽ നാലു റൺസായിരുന്നു താത്തിന്‍റെ സമ്പാദ്യം. അർഷ്ദീപ് സിങ് എറിഞ്ഞ തൊട്ടടുത്ത ഓവറിൽ നായകൻ മാക്രവും (അഞ്ചു പന്തിൽ നാല്) മടങ്ങി. ഋഷഭ് പന്ത് ക്യാച്ചെടുത്താണ് താരം പുറത്തായത്. മൂന്നാം വിക്കറ്റിൽ ഡീകോക്കും ട്രിസ്റ്റൻ സ്റ്റബ്സും ക്രീസിൽ നിലയുറപ്പിച്ചതോടെ ടീം 50 കടന്നു.
സ്റ്റബ്സിനെ ബൗൾഡാക്കി അക്സറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. 21 പന്തിൽ 31 റൺസെടുത്താണ് താരം പുറത്തായത്. പിന്നാലെ ഹെൻറിച് ക്ലാസനെ കൂട്ടുപിടിച്ച് ഡീകോക്ക് പ്രോട്ടീസിനെ 11.3 ഓവറിൽ നൂറുകടത്തി. അപകടകാരിയായ ഡീകോക്കിനെ അർഷ്ദീപ് കുൽദീപ് യാദവിന്‍റെ കൈകളിലെത്തിച്ചു. 31 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 39 റൺസെടുത്താണ് താരം പുറത്തായത്.
ക്ലാസൻ വമ്പനടികളുമായി കളം നിറഞ്ഞതോടെ ദക്ഷിണാഫ്രിക്കൻ സ്കോർ കുതിച്ചു. അക്സർ എറിഞ്ഞ 15ാം ഓവറിൽ രണ്ടു സിക്സടക്കം 22 റൺസാണ് താരം അടിച്ചെടുത്തത്. ഈ ഓവറിൽ അക്സർ രണ്ട് വൈഡും എറിഞ്ഞിരുന്നു. ഇതോടെ ഇന്ത്യയുടെ പ്രതീക്ഷയും കൈവിട്ടു.
23 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. പിന്നാലെ പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ പന്തിന് ക്യാച്ച് നൽകി ക്ലാസൻ മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്ക ഏറെക്കുറെ ലക്ഷ്യത്തിനടുത്തെത്തിയിരുന്നു. എന്നാൽ വാലറ്റത്തിന് ടീമിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഇന്ത്യക്കായി പാണ്ഡ്യ മൂന്നു വിക്കറ്റും അർഷ്ദീപ് സിങ്, ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അക്സർ പട്ടേൽ ഒരു വിക്കറ്റും നേടി.ടൂർണമെന്‍റിലുടനീളം താളം കണ്ടെത്താനാകാതെ വലഞ്ഞ കോഹ്ലി ഫൈനലിൽ ഫോം കണ്ടെത്തിയതോടെയാണ് ഇന്ത്യ പൊരുതാനുള്ള സ്കോറിലെത്തിയത്. 59 പന്തിൽ 76 റൺസെടുത്താണ് താരം പുറത്തായത്. രണ്ടു സിക്സും ആറു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.
അക്സർ പട്ടേൽ 31 പന്തിൽ 47 റൺസെടുത്തു. തുടക്കത്തിലെ മൂന്നു വിക്കറ്റുകൾ നഷ്ടമായി ഇന്ത്യ പതറുമ്പോഴാണ് കോഹ്ലിയും അക്സറും ക്രീസിൽ ഒന്നിക്കുന്നത്. ഇരുവരും നാലാം വിക്കറ്റിൽ നേടിയ 72 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായത്. അഞ്ചു പന്തിൽ ഒമ്പതു റൺസെടുത്താണ് രോഹിത്ത് പുറത്തായത്.
പന്ത് റണ്ണൊന്നും എടുക്കാതെയും സൂര്യകുമാർ മൂന്നു റൺസുമായും മടങ്ങി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മാർകോ ജാൻസൻ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടും മൂന്നും പന്തുകൾ ബൗണ്ടറി കടത്തിയാണ് കോഹ്ലി തുടങ്ങിയത്. ആ ഓവറിൽ 15 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. എന്നാൽ, രണ്ടാം ഓവറിൽ സ്പിന്നർ മഹാരാജിനെ കൊണ്ടുവന്ന പ്രോട്ടീസ് നായകൻ മാർക്രത്തിന്‍റെ തീരുമാനം തെറ്റിയില്ല.
ആദ്യ രണ്ടു പന്തുകൾ അതിർത്തി കടത്തിയെങ്കിലും നാലാം പന്തിൽ രോഹിത്തിന് അടിതെറ്റി. സ്ക്വയർ ലെഗിലേക്കു പോയ പന്ത് ഹെൻറിച് ക്ലാസൻ കൈയിലൊതുക്കി. വന്നപോലെ പന്തും മടങ്ങി. ആറാം പന്ത് ഋഷഭിന്‍റെ ബാറ്റിൽ തട്ടി ഉയർന്നപ്പോൾ വിക്കറ്റ് കീപ്പർ ക്വിന്‍റൻ ഡികോക്ക് പിടിച്ചെടുത്തു. സൂര്യകുമാറിനും നിലയുറപ്പിക്കാനായില്ല.
കഗിസോ റബാദയെറിഞ്ഞ അഞ്ചാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ഹെൻറിച് ക്ലാസൻ പിടിച്ചെടുത്തു.അഞ്ചാമനായി അക്സർ പട്ടേലാണ് ക്രീസിലെത്തിയത്. രോഹിത്തിന്‍റെ തീരുമാനം തെറ്റിയില്ല. കോഹ്ലിക്കൊപ്പം ചേർന്ന അക്സർ ടീമിന്‍റെ സ്കോർ ഉയർത്തി. തകർച്ചയിൽനിന്ന് ടീമിനെ കരകയറ്റിയ ഇരുവരും 13.1 ഓവറിൽ ടീം സ്കോർ നൂറിലെത്തിച്ചു.
പ്രോട്ടീസ് ബൗളർമാരെ അനായാസം നേരിട്ട് ക്രീസിൽ നിലയുറപ്പിച്ചുവരുന്നതിനിടെയാണ് അക്സർ റൺ ഔട്ടാകുന്നത്. ക്വിന്‍റൻ ഡീകോക്ക് എറിഞ്ഞ ത്രോയിലാണ് താരം റൺ ഔട്ടായത്. പിന്നാലെ ശിവം ദുബെ ക്രീസിലെത്തി. ഇരുവരും സ്കോറിങ് വേഗത്തിലാക്കി.അർധ സെഞ്ച്വറിക്കു പിന്നാലെ കോഹ്ലി വമ്പനടികളുമായി കളംനിറഞ്ഞു.
ഒടുവിൽ ജാൻസനിന്‍റെ പന്തിൽ റബാദക്ക് ക്യാച്ച് നൽകി കോഹ്ലി മടങ്ങി. നോർക്യ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിൽ ദുബെയും ആറാം പന്തിൽ രവീന്ദ്ര ജദേജയും പുറത്തായി. ഇന്ത്യ ഏഴിന് 176 റൺസ്. ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ്, ആൻറിച് നോർക്യ എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. മാർകോ ജാൻസനും കഗിസോ റബാദ ഒരു വിക്കറ്റ് വീതവും നേടി.