മാസ് നിറച്ച് കോഹ്ലി! 59 പന്തിൽ 76 റൺസ് ; ദക്ഷിണാഫ്രിക്കക്ക് 177 റൺസ് വിജയലക്ഷ്യം

മാസ് നിറച്ച് കോഹ്ലി! 59 പന്തിൽ 76 റൺസ് ; ദക്ഷിണാഫ്രിക്കക്ക് 177 റൺസ് വിജയലക്ഷ്യം

ബാർബഡോസ്: ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 177 റൺസ് വിജയലക്ഷ്യം. സൂപ്പർതാരം വിരാട് കോഹ്ലിയുടെ അർധ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.

ടൂർണമെന്‍റിലുടനീളം താളം കണ്ടെത്താനാകാതെ വലഞ്ഞ കോഹ്ലി ഫൈനലിൽ മുന്നിൽനിന്ന് പടനയിച്ച് ഇന്ത്യയുടെ രക്ഷകനായി. താരത്തിന്‍റെ ബാറ്റിങ്ങാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 59 പന്തിൽ 76 റൺസെടുത്താണ് താരം പുറത്തായത്. രണ്ടു സിക്സും ആറു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. അക്സർ പട്ടേൽ 31 പന്തിൽ 47 റൺസെടുത്തു.

തുടക്കത്തിലെ മൂന്നു വിക്കറ്റുകൾ നഷ്ടമായി ഇന്ത്യ പതറുമ്പോഴാണ് കോഹ്ലിയും അക്സറും ക്രീസിൽ ഒന്നിക്കുന്നത്. ഇരുവരും നാലാം വിക്കറ്റിൽ നേടിയ 72 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായത്. അഞ്ചു പന്തിൽ ഒമ്പതു റൺസെടുത്താണ് രോഹിത്ത് പുറത്തായത്. പന്ത് റണ്ണൊന്നും എടുക്കാതെയും സൂര്യകുമാർ മൂന്നു റൺസുമായും മടങ്ങി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മാർകോ ജാൻസൻ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടും മൂന്നും പന്തുകൾ ബൗണ്ടറി കടത്തിയാണ് കോഹ്ലി തുടങ്ങിയത്. ആ ഓവറിൽ 15 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. എന്നാൽ, രണ്ടാം ഓവറിൽ സ്പിന്നർ മഹാരാജിനെ കൊണ്ടുവന്ന പ്രോട്ടീസ് നായകൻ മാർക്രത്തിന്‍റെ തീരുമാനം തെറ്റിയില്ല.

ആദ്യ രണ്ടു പന്തുകൾ അതിർത്തി കടത്തിയെങ്കിലും നാലാം പന്തിൽ രോഹിത്തിന് അടിതെറ്റി. സ്ക്വയർ ലെഗിലേക്കു പോയ പന്ത് ഹെൻറിച് ക്ലാസൻ കൈയിലൊതുക്കി. വന്നപോലെ പന്തും മടങ്ങി.

ആറാം പന്ത് ഋഷഭിന്‍റെ ബാറ്റിൽ‌ തട്ടി ഉയർന്നപ്പോൾ വിക്കറ്റ് കീപ്പർ ക്വിന്‍റൻ ഡികോക്ക് പിടിച്ചെടുത്തു. സൂര്യകുമാറിനും നിലയുറപ്പിക്കാനായില്ല. കഗിസോ റബാദയെറിഞ്ഞ അഞ്ചാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ഹെൻറിച് ക്ലാസൻ പിടിച്ചെടുത്തു.

Top