CMDRF

ചില മഴക്കാല അഥിതികളെ പേടിക്കണം… ശ്രദ്ധിക്കാം ചില കാര്യങ്ങൾ

ചില മഴക്കാല അഥിതികളെ പേടിക്കണം… ശ്രദ്ധിക്കാം ചില കാര്യങ്ങൾ
ചില മഴക്കാല അഥിതികളെ പേടിക്കണം… ശ്രദ്ധിക്കാം ചില കാര്യങ്ങൾ

മഴക്കാലം വളരെ സുന്ദരമാണെങ്കിലും മഴക്കെടുതിയും മഴക്കാല രോ​ഗങ്ങളും നമ്മെ വലക്കും. എത്രയൊക്കെ മുൻകരുതലുകൾ സ്വീകരിച്ചാലും ചില മഴക്കാല രോ​ഗങ്ങൾക്ക് നമ്മൾ പിടികൊടുക്കും. എങ്കിലും ശ്ര​ദ്ധക്കുറവിൽ വരുന്ന രോ​ഗങ്ങളെ ഒരുപരിധി വരെ നമ്മുക്ക് അകറ്റി നിർത്താനാകും. ജലം മലിനമാകുന്നതും വെള്ളക്കെട്ടുകൾ ഉണ്ടാകുന്നതും കൊതുകുകൾ പെരുകുന്നതിനും പകർച്ച വ്യാധികൾ പകരുന്നതിനും കാരണമാകും. മഴക്കാലം എന്നാൽ തന്നെ പനിക്കാലമാണ്. പകർച്ച പനിയാണ് മഴക്കാലത്ത് വരുന്ന പ്രധാന അഥിതി. ഇവയിൽ തന്നെ ഏറ്റവും അപകടകാരികളായ രണ്ടു രോഗങ്ങൾ ഡെങ്കിപ്പനിയും എലിപ്പനിയുമാണ്.

ശക്തമായ മഴയിൽ ഒഴുകി വെള്ളം കെട്ടികിടന്ന്, വെള്ളക്കെട്ടുകൾ രൂപപ്പെടുന്നു. ഇത് കൊതുക് പെരുകുന്നതിന് ഇടയാക്കും. ഡെങ്കിപ്പനി പരത്തുന്ന ക്യൂലക്സ് വിഭാഗത്തിൽപെട്ട കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത് നമ്മൾ വലിച്ചെറിയുന്ന ചെറിയ പാഴ് വസ്തുക്കളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലാണ്. പ്ലാസ്റ്റിക് കൂടുകൾ, പൊട്ടിയ പാത്രങ്ങൾ, ചെടിച്ചട്ടികൾ, മുറ്റത്തും പറമ്പിലും വീണുകിടക്കുന്ന ഇലകൾ, റബർ ടാപ്പിങ് ചിരട്ടകൾ തുടങ്ങി നമ്മുടെ ശ്രദ്ധ എത്താത്തിടത്തൊക്കെ കൊതുകുകൾ മുട്ടയിട്ട് പെരുകും. നമ്മുടെ ഈ അശ്രദ്ധ മാരകമായ തിരിച്ചടികളിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. രോഗാണുവാഹകരായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവരെയാണ് രോഗം പിടികൂടുന്നത്. ചെറിയ മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ആരോ​ഗ്യ സംരക്ഷണം ഉത്തരവാദിത്തമാകുമ്പോൾ അതിനുവേണ്ട മുൻ കരുതലുകൾ എടുക്കേണ്ടതും അനിവാര്യമാണ്.

ധാരാളം വെള്ളം കുടിക്കുക

മഴക്കാലത്ത് പൊതുവെ ദാഹം കുറവായിരിക്കും. എന്നാലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കന്നത് ആരോ​ഗ്യത്തിന് ഒരുപാട് നല്ലതാണ്. ശുദ്ധമായ വെള്ളമാണ് കുടിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

ഭക്ഷണത്തിൽ പ്രത്രേകം ശ്രദ്ധ വേണം

പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. വൃത്തിഹീനമായ സാഹചര്യത്തിലാണ് പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ തയ്യാറാക്കുന്നതെങ്കിൽ സൂക്ഷ്മാണുക്കൾ വേ​ഗം ശരീരത്തിൽ പ്രവേശിക്കും. അതുകൊണ്ട് വീട്ടിലുണ്ടാക്കുന്ന ആഹാരങ്ങൾ തന്നെ കഴിക്കാൻ ശ്രമിക്കുക.

കൊതുകുകളെ അകറ്റി നിർത്തുക

മഴക്കാലത്ത് കൊതുകുകൾ പെരുകും. കെട്ടിക്കിടക്കുന്ന വെള്ളം കൊതുക് പെരുകുന്നതിന് കാരണമാകുന്നു. ഇതുവഴി പല രോ​ഗങ്ങൾ പടരും. വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യതകൾ ഒഴിവാക്കുക. കെട്ടികിടക്കുന്ന ജലം ഒഴുക്കി വിടുക.

നനവുള്ള വസ്ത്രങ്ങൾ വേണ്ട

മഴക്കാലത്ത് നനയാതിരിക്കുക എന്നത് അൽപ്പം പ്രയാസമാണ്. എങ്കിലും ഈർപ്പം തങ്ങി നിൽക്കുന്നത് പരമാവധി ഒഴിവാക്കുക. നനവോടെ എ.സി മുറികളിൽ കയറുന്നതും ചർമരോഗങ്ങൾ ക്ഷണിച്ചുവരുത്തും. കൂടാതെ ഷൂസ് നനഞ്ഞിരിക്കുകയാണെങ്കിൽ നന്നായി വൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവു. ഇതിനു വേണ്ട മുൻകരുതലുകൾ എപ്പോഴും കൂടെ കരുതുക.

Top