കാബൂള്‍: വ്യഭിചാരം പോലുള്ള കുറ്റകൃത്യങ്ങളില്‍ സ്ത്രീകളെ പൊതുസ്ഥലത്ത് കല്ലെറിഞ്ഞ് കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കി താലിബാന്‍ മേധാവി മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ. ഒരു ഓഡിയോ സന്ദേശത്തിലുടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ഇസ്ലാമിക ശരീഅത്ത് കോഡ് കര്‍ശനമായി നടപ്പിലാക്കുന്നതായും പ്രഖ്യാപനം നടത്തി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പുമായി താലിബാന്‍ മേധാവി മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ രംഗത്ത് എത്തിയിരിക്കുന്നത്.
”ഒരു സ്ത്രീയെന്ന നിലയില്‍, എനിക്ക് അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതത്വവും ഒന്നും തോന്നുന്നില്ല. ഓരോ പ്രഭാതവും ആരംഭിക്കുന്നത് സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളും കര്‍ശനമായ നിയമങ്ങളും ഏര്‍പ്പെടുത്തുന്ന നോട്ടീസുകളുടെയും ഉത്തരവുകളുടെയും പെരുമഴയോടെയാണെന്നും ചെറിയ സന്തോഷങ്ങള്‍ പോലും ഇല്ലാതാക്കുകയും ശോഭനമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ കെടുത്തുകയും ചെയ്യുന്നുവെന്നും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ ടാല പറഞ്ഞു.താലിബാന്‍ മേധാവിയുടെ പ്രസ്താവനകള്‍ അഫ്ഗാനികള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളെയും സുരക്ഷയെയും കുറിച്ച് ആശങ്കയുണ്ടെന്നും ഒരു വിഭാഗം പറയുന്നു. കാബൂളിലെ മുന്‍ സിവില്‍ ഉദ്യോഗസ്ഥയായ താല താലിബാന്‍ സ്ത്രീകള്‍ക്ക് മേല്‍ അനുദിനം നിയന്ത്രണങ്ങളും നിയമങ്ങളും ഏര്‍പ്പെടുത്തുന്നതിനോട് ഭയം പ്രകടിപ്പിച്ചു.