CMDRF

അഫ്​ഗാനിലെ അശാന്തി; ജനങ്ങൾക്ക്മേൽ പിടിമുറുക്കി താലിബാൻ

അഫ്​ഗാനിലെ അശാന്തി; ജനങ്ങൾക്ക്മേൽ പിടിമുറുക്കി താലിബാൻ
അഫ്​ഗാനിലെ അശാന്തി; ജനങ്ങൾക്ക്മേൽ പിടിമുറുക്കി താലിബാൻ

ധികാരം പിടിച്ചെടുത്ത് മൂന്നാം വർഷമായപ്പോഴേക്കും വീണ്ടും അഫ്​ഗാനിസ്ഥാനിലെ പെൺക്കുട്ടികളുടെ വി​ദ്യാഭ്യാസത്തിന് മേൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് താലിബാൻ. മൂന്ന് വർഷത്തിനിടയിൽ പത്ത് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്കാണ് അഫ്​ഗാനിൽ വി​ദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്. താലിബാൻ അധികാരത്തിലേറി ഒരു വർഷമായപ്പോഴേക്കുമാണ് ഇത്രയും തരംതാഴ്ന്ന പ്രവർത്തികൾ അഫ്​ഗാനിൽ ആരംഭിച്ചത്. 12 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഏക രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. സ്ത്രീ വിരുദ്ധമായ അനേകം തീരുമാനങ്ങൾ താലിബാന്റെ ഉത്തരവിൽ അഫ്​ഗാനിൽ അരങ്ങേറി. ഇത്തരം പ്രവണതകൾ രാജ്യത്ത് സൃഷ്ടിക്കുന്നത് ബാല വിവാഹവും ബാലവേലയുമൊക്കെയാണ്.

അഫ്​ഗാനിൽ താലിബാൻ അധികാരമേറ്റാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസവും സഞ്ചാര സ്വാതന്ത്ര്യവും വിലക്കുമെന്ന ആശങ്ക പണ്ടേ നിലനിന്നിരുന്നു. താലിബാന്‍ ഭരണത്തിന് മുന്‍പേ ഇസ്ലാമിക നിയമങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂളുകളില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 25 ലക്ഷം വിദ്യാര്‍ത്ഥിനികള്‍ക്കാണ് രാജ്യത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ കുട്ടികളുടെ എണ്ണത്തിന്റെ എണ്‍പത് ശതമാനമാണിത്. 2021ന് ശേഷം പ്രാഥമിക വിദ്യാഭ്യാസത്തിനെത്തുന്ന പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കണക്കില്‍ പതിനൊന്ന് ലക്ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അരക്ഷിതാവസ്ഥയിൽ മുന്നേറുന്ന താലിബാനിൽ അവകാശങ്ങൾക്കായി തെരുവിലിറങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധങ്ങൾ താലിബാൻ അടിച്ചമർത്തി. ഭയത്തോടെ സ്വന്തം രാജ്യത്ത് ജീവിക്കുന്ന അഫ്​ഗാൻ ജനത ഏതുവിധേനയും രാജ്യം വിടാൻ തക്കം പാർത്തിരിക്കുന്നവരാണ്. പറന്നുയർന്ന വിമാനത്തിൽ ആളുകൾ തൂങ്ങിക്കിടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന കാഴ്ചയ്ക്ക് ലോകം മുഴുവൻ സാക്ഷികളായതാണ്.

തഴയപ്പെടുന്ന സ്ത്രീ ജനങ്ങൾ

താലിബാൻ അധികാരത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണ്. താലിബാന്റെ രണ്ടു വര്‍ഷത്തെ ഭരണത്തില്‍ ആയിരക്കണക്കിന് സ്ത്രീകൾക്കാണ് സര്‍ക്കാര്‍ സര്‍വീസിൽ നിന്ന് ഒഴുവാക്കപ്പെട്ടത്. കാബൂളിലും മറ്റു സമീപ പ്രവിശ്യകളിലും സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്കും താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഉന്നതനിലവാരത്തിലുള്ള യൂണിവേഴ്സിറ്റികള്‍, അന്താരാഷ്ട്ര സംഘടനകള്‍, ജിമ്മുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനവും നിഷേധിച്ചു. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പുരുഷന്മാരുടെ സാന്നിധ്യമില്ലാതെ പോകരുതെന്ന വിചിത്ര നിയമവും അഫ്ഗാനില്‍ നടപ്പിലാക്കി. വസ്ത്രധാരണത്തിലും താലിബാന്‍ കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. പൊതുസ്ഥലത്ത് ബുര്‍ഖ നിര്‍ബന്ധമാക്കി. വിവാഹമോചിതരായ സ്ത്രീകള്‍ ആദ്യഭര്‍ത്താവിനൊപ്പം തന്നെ ജീവിതം തുടരണമെന്നും ഇസ്ലാമിക ശരിയാ പ്രകാരം മാത്രമേ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കഴിയൂവെന്നും താലിബാന്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

ഒളിഞ്ഞും മറഞ്ഞുമുള്ള പഠനം

സ്വാതന്ത്രത്തിന് വേണ്ടി പടപൊരുതിയ കാലം ചരിത്രമാണെന്നാണ് നമ്മുടെ ഓർമ. എന്നാൽ അത്തരത്തിൽ അവകാശങ്ങൾക്കായി ഒളിപോര് നടത്തുന്നവർ ഇപ്പോഴും ലോകത്തിന്റെ പല കോണുകളിലുണ്ടെന്നതിന്റെ ഉദാഹരണമാണ് അഫ്ഗാനിലെ പെൺകുട്ടികൾ. വിദ്യാഭ്യാസത്തിനായി ഭരണകൂടത്തിന്റെ കണ്ണിൽപെടാത്ത രഹസ്യ സ്കൂളുകളുടെ മറകൾ താലിബാന്റെ പല കോണുകളിലും ഉയർന്നു. ഡസൺ കണക്കിന് കൗമാരക്കാരികളായ പെൺകുട്ടികളാണ് ഇത്തരത്തിലുള്ള ക്ലാസുകളിൽ പങ്കെടുക്കുന്നത്. അഫ്ഗാനിസ്ഥാന്റെ എല്ലാം പ്രവശ്യകളിലും പെൺകുട്ടികളുടെ ഉപരിപഠനങ്ങൾക്ക് താലിബാൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനെ മറികടന്നാണ് ഇത്തരത്തിൽ ഒരു തീരുമാനം ചില വിദ്യാർഥികളും അധ്യാപകരും എടുത്തിരിക്കുന്നത്. ഭീഷണികളെ തരണം ചെയ്ത് നടത്തുന്ന ഇത്തരം തീരുമാനങ്ങൾ കാണിച്ചു തരുന്നത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്നാണ്.

അധികരാമെന്ന തുറുപ്പ് ചീട്ട്

1990കളിലാണ് താലിബാന്‍ അഫ്ഗാന്റെ പ്രാന്തപ്രദേശങ്ങളില്‍ നിലയുറപ്പിച്ചത്. 1996മുതല്‍ 2001 വരെയാണ് ആദ്യതവണ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരിച്ചത്. 1995 സെപ്തംബറില്‍ ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഹെറാത് പ്രവിശ്യ പിടിച്ചെടുത്തു. അന്നത്തെ പ്രസിഡന്റായിരുന്ന ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയെ പരാജയപ്പെടുത്തി ഒരുവര്‍ഷത്തിനകം കാബൂളും നിയന്ത്രണത്തിലാക്കി. അധികാര കസേരയിൽ കയറി ആദ്യ കാലങ്ങളിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അഴമതിക്കെതിരെയും മറ്റും നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റി. പതിയെ നില മാറ്റിയ താലിബാൻ അഫ്​ഗാനിൽ ഓരോ കടുത്ത നടപടികൾ സ്വീകരിച്ചു തുടങ്ങി. ചെറിയ തെറ്റുകൾക്ക് പരസ്യമായി കടുത്ത ശിക്ഷകളും , സ്ത്രീകൾക്ക് മേലുള്ള അവകാശ ലംഘനങ്ങളുമൊക്കെയായി ജനങ്ങളെ ശ്വാസം മുട്ടിച്ചു. എന്തെങ്കിലും ഒരു വഴി കിട്ടിയാൽ സ്വന്തം നാട്ടിൽ നിന്ന് രക്ഷപെടാനുള്ള പ്രവണത ജനങ്ങളിലുടലെടുത്തു.

സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽസ്വാതന്ത്ര്യം, പൊതു ഇടങ്ങളിലെ പ്രാതിനിധ്യം തുടങ്ങിയവയിൽ ലിബറൽ നിലപാട് കൈക്കൊള്ളുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് താലിബാൻ അഫ്​ഗാനിൽ ഭരണത്തിലേറിയത്. എന്നാൽ വാഗ്ദാനങ്ങളെല്ലാം വെറും മിഥ്യാ ധാരണകളാണെന്ന് അവിടുത്തെ ജനങ്ങളെ താലിബാൻ വേ​ഗത്തിൽ ബോധ്യപ്പെടുത്തി. സ്ത്രീകൾക്ക് മേൽ താലിബാൻ ഏർപ്പെടുത്തുന്ന പ്രത്രേക നിയമയമങ്ങൾ കടുപ്പമേറിയതാണ്. ആൺതുണയില്ലാതെ നഗരംവിട്ട് യാത്രചെയ്യാൻ അഫ്‌ഗാൻ സ്ത്രീകൾക്ക്‌ അനുവാദമില്ല. മുമ്പ്‌, പാർക്കുകളിലും മേളകളിലും മറ്റും ആഴ്ചയിലെ ചില ദിവസങ്ങളിൽ പർദയിട്ട സ്ത്രീകൾക്ക് മാത്രമായി പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ, പുരുഷന്മാർ ഈ നിയന്ത്രണം പാലിക്കാൻ തയ്യാറാവാതെ വന്നതോടെ വിലക്ക് സ്ത്രീകൾക്കായി. അതോടെ സ്ത്രീകൾക്കു പാർക്കുകളിലും പ്രവേശനമില്ലാതായി. പുരുഷന്‍മാര്‍ താടി വളര്‍ത്തണമെന്നും സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കണമെന്നും നിയമം വന്നു. അഫ്ഗാനിസ്ഥാനില്‍ പുരുഷന്മാര്‍ കഴുത്തില്‍ ടൈ അണിയുന്നതിനെയും താലിബാന്‍ വിലക്കി. ടൈ കുരിശിന്റെ അടയാളമാണെന്നും ഇത് ഇസ്ലാം വിരുദ്ധമാണെന്നും താലിബാന്‍ ഉന്നത ഉദ്ദ്യോഗസ്ഥന്‍ മുഹമ്മദ് ഹാഷിം ഷഹീദ് വോര്‍ പറയുന്നു. രാജ്യത്ത് ടെലിവിഷനും സിനിമയും സംഗീതവും നിരോധിച്ചു. 10 വയസിനു മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് വിലക്കി. അടിച്ചമർത്തപ്പെട്ട അഫ്​ഗാൻ ജനതക്ക് വേണ്ടി ലോകത്തിന്റെ പല കോണുകളിൽ നിന്നും ശബ്ദമുയർന്നെങ്കിലും ഫലമുണ്ടായില്ല.

അമേരിക്കയെ പറപ്പിച്ച അക്രമണം

2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെയാണ് താലിബാന്‍ എന്ന പേര് ലോകത്തിന് സുപരിചിതമാകുന്നത്. അമേരിക്കയുടെ ആത്മാഭിമാനത്തിനേറ്റ ക്ഷതമായിരുന്നു ആ അക്രമണം. അമേരിക്കൻ ജനതയുടെ അഭിമാനസ്തംഭമായ വേൾഡ് ട്രേഡ് സെന്റർ കൃത്യമായ ആസൂത്രണത്തോടെയാണ് അൽ ഖായിദ ഭീകരർ നിലംപരിശാക്കിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിൽ ലോകം താലിബാന്റെ പേര് ഉയർന്നു കേട്ടതിൽ പ്രകോപിതരായ അമേരിക്ക താലിബാനു നേരെ തിരിഞ്ഞു. 2001 ഒക്‌ടോബറിൽ തുടങ്ങിയ അക്രമണത്തിൽ ഡിസംബര്‍ ആദ്യവാരത്തോടെ താലിബാനെ പുറത്താക്കി അമേരിക്കന്‍ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞെങ്കിലും താലിബാൻ വെറുതെയിരുന്നില്ല.

അന്ന് മുതൽ താലിബാൻ അമേരിക്കക്കെതിരെ തുടങ്ങിയ യുദ്ധത്തിൽ ആയിരകണക്കിന് അമേരിക്കൻ സൈനികരാണ് അഫ്​ഗാനിൽ കൊല്ലപ്പെട്ടത്. താലിബാനെ തുരത്താൻ നിലയുറപ്പിച്ച അമേരിക്കക്ക് പക്ഷെ പാളിച്ച പറ്റി. കഴിഞ്ഞ ഇരുപത് വർഷം കൊണ്ട് താലിബാനെ ഒന്നും ചെയ്യാൻ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. കൂടുതൽ ശക്തിയായി അഫ്​ഗാന്റെ ഭൂരിഭാ​ഗം പ്രദേശങ്ങളും പിടിച്ചടക്കി വളരാനാണ് ഇക്കാലയളിൽ താലിബാന് കഴിഞ്ഞത്.

ഒരു ​രാജ്യത്തിന്റെ മേൽ ഇത്രയേറെ കടുംപിടുത്തങ്ങൾ കാണിച്ച് ആ നാട്ടിലെ ജനങ്ങളെ ജയിൽ ചിട്ടയിലാക്കി, ഒട്ടനവധി അവകാശലംഘനങ്ങൾ നടത്തി ഒരു ഭരണം തുടർന്നുകൊണ്ടു പോകുമ്പോൾ അധികാര ദുർവിനിയോ​ഗങ്ങളിൽ അസ്വസ്ഥരാകുന്ന ജീവിതങ്ങൾ മാത്രമാണ് അവിടെ ബാക്കിയാക്കപ്പെടുന്നത്. കെട്ടുവേലികൾ തകർത്ത് പുറത്തെത്തുന്ന സ്ത്രീകളുടെ കരുത്ത് പലയിടത്തും തഴയപ്പെടുന്നത് ഈ ഇരുപതാം നൂറ്റാണ്ടിലും നടക്കുന്നു എന്നത് തീർത്തും നാണക്കേട് തന്നെയാണ്.

REPORT: ANURANJANA KRISHNA

Top