തമിഴ് ചലച്ചിത്ര നിർമ്മാതാവ് ദില്ലി ബാബു അന്തരിച്ചു

കുറച്ചുനാളായി ആരോഗ്യ പ്രശ്നങ്ങളാൽ ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു

തമിഴ് ചലച്ചിത്ര നിർമ്മാതാവ് ദില്ലി ബാബു അന്തരിച്ചു
തമിഴ് ചലച്ചിത്ര നിർമ്മാതാവ് ദില്ലി ബാബു അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര നിർമ്മാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു. കുറച്ചുനാളായി ആരോഗ്യ പ്രശ്നങ്ങളാൽ ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്. ആക്സസ് ഫിലിം ഫാക്ടറി എന്ന ബാനറിൽ നിരവധി മിഡ് ബജറ്റ് വിജയ ചിത്രങ്ങൾ ഒരുക്കിയ നിർമ്മാതാവാണ് ദില്ലി ബാബു. 2015ൽ പുറത്തിറങ്ങിയ ഉറുമീൻ ആയിരുന്നു ആദ്യ ചിത്രം. മരദഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളെ, ബാച്ച്ലർ, മിറൽ, കൾവൻ എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. കൾവൻ കഴിഞ്ഞ മാസമാണ് റിലീസായത്.

മിഡ് ബജറ്റ് പടങ്ങളിലൂടെ നിരവധി പുതു സംവിധായകർക്ക് അവസരം നൽകിയ നിർമ്മാതാവാണ് വിടവാങ്ങിയത് എന്ന് നിർമ്മാതാവ് എസ്ആർ പ്രഭു എക്സ് പോസ്റ്റിൽ അനുസ്മരിച്ചു. 2018 ൽ ഇറങ്ങിയ രാക്ഷസൻ ആ വർഷത്തെ തമിഴിലെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായിരുന്നു. ദില്ലി ബാബു നിർമ്മിച്ച ഏറ്റവും പണം വാരിപ്പടവും ഇതായിരുന്നു. പിന്നീട് വിവിധ ഭാഷകളിലേക്ക് ഇത് റീമേക്ക് ചെയ്തു.

ചെന്നൈയിലെ വസതിൽ തിങ്കളാഴ്ച രാവിലെ പത്തരമുതലാണ് പൊതുദർശനം നടക്കുക. സംസ്കാരം വൈകിട്ട് നാലരയോടെ നടക്കും എന്നാണ് അടുത്ത ബന്ധുക്കൾ അറിയിക്കുന്നത്. വലിയം എന്ന ചിത്രത്തിൻറെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവെയാണ് നിർമ്മാതാവിൻറെ വിടവാങ്ങൽ.

Top