കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മോദി ശ്രീലങ്കയില്‍ പോയിട്ടുണ്ടോ; കച്ചൈത്തീവ് വിവാദത്തില്‍ മോദിയെ വിമര്‍ശിച്ച് എം കെ സ്റ്റാലിന്‍

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മോദി ശ്രീലങ്കയില്‍ പോയിട്ടുണ്ടോ; കച്ചൈത്തീവ് വിവാദത്തില്‍ മോദിയെ വിമര്‍ശിച്ച് എം കെ സ്റ്റാലിന്‍
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മോദി ശ്രീലങ്കയില്‍ പോയിട്ടുണ്ടോ; കച്ചൈത്തീവ് വിവാദത്തില്‍ മോദിയെ വിമര്‍ശിച്ച് എം കെ സ്റ്റാലിന്‍

ചെന്നൈ: കച്ചൈത്തീവ് വിവാദത്തില്‍ ഡിഎംകെയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ശ്രീലങ്കയില്‍ നിന്ന് കച്ചൈത്തീവ് തിരിച്ചെടുക്കാന്‍ മോദി സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സ്റ്റാലിന്‍ ചോദിച്ചു.

‘ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ കച്ചൈത്തീവിനെക്കുറിച്ച് എന്താണ് പറഞ്ഞത് ദ്വീപ് തിരിച്ചു പിടിക്കണമെങ്കില്‍ ശ്രീലങ്കയുമായി യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരുമെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മോദി ശ്രീലങ്കയില്‍ പോയിട്ടുണ്ടോ. ശ്രീലങ്കന്‍ രാഷ്ട്ര തലവനെ കണ്ടപ്പോള്‍ കച്ചൈത്തീവ് ഇന്ത്യയുടേതാണെന്ന് എപ്പോഴെങ്കിലും അവരോട് പറഞ്ഞിട്ടിട്ടുണ്ടോ’, സ്റ്റാലിന്‍ ചോദിച്ചു.

നെഹ്‌റുവിന്റേയും ഇന്ദിരാഗാന്ധിയുടേയും കാലത്ത് നടന്ന സംഭവങ്ങള്‍ വളരെ വ്യക്തമായി ഓര്‍ക്കുന്ന പ്രധാനമന്ത്രി, രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവങ്ങള്‍ എന്തെങ്കിലും ഓര്‍ക്കുന്നുണ്ടോ, അതിനെ കുറിച്ച് താന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ചെന്നൈയില്‍ നടന്ന, പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ താന്‍ കുറച്ച് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതില്‍ ആദ്യത്തേത് കച്ചൈത്തീവ് വീണ്ടെടുക്കുക എന്നതായിരുന്നു, ഓര്‍ക്കുന്നുണ്ടോ. താന്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം വായിച്ചുനോക്കിയിരുന്നോയെന്നും എം കെ സ്റ്റാലിന്‍ ചോദിച്ചു.

കച്ചൈത്തീവ് വിഷയം ബിജെപിക്ക് തിരിച്ചടിയായി. തേനീച്ചക്കൂടില്‍ കൈ വെച്ചു, ഇപ്പോള്‍ അവര്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് സ്റ്റാലിന്‍ പരിഹസിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറിയായിരിക്കെ 2015ല്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ കച്ചൈത്തീവ് ഇന്ത്യയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കിയിരുന്നതായും തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പാര്‍ട്ടി വിഷയം ഉയര്‍ത്തുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇപ്പോള്‍ കച്ചൈത്തീവിനെക്കുറിച്ച് കരയുന്ന പ്രധാനമന്ത്രി ഇന്ത്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തതിന് ശ്രീലങ്കയ്ക്കെതിരെ ഒരു വാക്ക് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും സ്റ്റാലിന്‍ ചോദിച്ചു.

Top