ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് കേരളത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചതോടെ, ചൊവ്വാഴ്ച ചേരാനിരുന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്സ്പർട്ട് അപ്രൈസൽ കമ്മിറ്റി യോഗം മാറ്റിവച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് യോഗം മാറ്റിവച്ചതായി അറിയിപ്പു ലഭിച്ചത്. എന്നാൽ, ഇതറിയാതെ യോഗത്തിൽ പങ്കെടുക്കാൻ കേരള സർക്കാരിന്റെ ജലസേചനവകുപ്പിന് കീഴിലെ രൂപകല്പന, ഗവേഷണ വിഭാഗം ചീഫ് എൻജിനിയർ പ്രിയേഷ്, ഡയറക്‌ടർ ശ്രീദേവി എന്നിവർ ഡൽഹിയിലെത്തി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിന്റെ ഏത് നീക്കവും അനുവദിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് സുപ്രീംകോടതി വിധിക്കെതിരാവുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അത് മറികടന്ന് തീരുമാനമെടുത്താൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെയാണ് അടിയന്തരമായി യോഗം മാറ്റിവക്കാൻ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചതെന്നാണ് സൂചന. മുല്ലപ്പെരിയാറിൽ നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധസമിതികൾ സുപ്രീംകോടതി മുമ്പാകെ ബോധ്യപ്പെടുത്തിയതാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഇതിന് വിരുദ്ധമായി പുതിയ ഡാം പണിയാനുള്ള കേരള സർക്കാരിന്റെ നീക്കം സുപ്രീംകോടതി വിധിയുടെ അന്തസ്സത്തയ്ക്കെതിരാവും. ഡാം നിർമാണത്തിൻ്റെ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചു കിട്ടാനായി കേരളം വീണ്ടും ശ്രമം നടത്തിയപ്പോൾ തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യത്തിലുള്ള ഏത് നടപടിയുമായി മുന്നോട്ടു പോകണമെങ്കിലും സുപ്രീംകോടതിയുടെ അനുമതി തേടിയേ ആകാവൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. എന്നാൽ, 2015-ൽ പരിസ്ഥിതി ആഘാത പഠനത്തിനാവശ്യമായ നടപടികൾക്ക് സുപ്രീംകോടതിയുടെ അനുവാദം കിട്ടിയതാണെന്നാണ് കേരളത്തിന്റെ വാദം. ഡാം നിർമാണം ആരംഭിക്കുന്ന വേളയിൽ മാത്രമാണ് തമിഴ്‌നാടിൻ്റെ ആശങ്കകൾ പരിശോധിക്കപ്പെടേണ്ടതെന്നാണ് സുപ്രീംകോടതി അന്ന് ചൂണ്ടിക്കാട്ടിയത്. ഇതിപ്പോൾ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസ് നിശ്ചയിക്കാൻ മാത്രമായാണ് യോഗം ചേരുന്നത് എന്നിരിക്കെ, ഇതിനെ തമിഴ്നാട് വളച്ചൊടിക്കുകയാണെന്നാണ് കേരളത്തിൻ്റെ വാദം.