കൊച്ചി: തിയറ്ററിൽ നിന്ന് സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് സംഘം കേരളത്തില്‍ പിടിയില്‍. തിരുവനന്തപുരത്തെ തിയേറ്ററില്‍നിന്ന് സിനിമ പകര്‍ത്തുന്നതിനിടെയാണ് തിയേറ്റര്‍ ഉടമകളുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടിയത്. കാക്കനാട് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി. തിരുവനന്തപുരം ഏരീസ്പ്ലെക്സ് തിയറ്ററില്‍ നിന്ന് ധനുഷ് നായകനായ തമിഴ് ചിത്രം രായന്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടയിലാണ് ഇവരെ പൊലീസ് പിടികൂടിയത്. സിനിമ പകര്‍ത്തിയ മധുര സ്വദേശി സ്റ്റീഫനെ കാക്കനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
‘ഗുരുവായൂരമ്പലനടയില്‍’ ഉള്‍പ്പെടെയുള്ള സിനിമകള്‍ പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ‘ഗുരുവായൂരമ്പലനടയില്‍’ റിലീസ് ചെയ്ത് രണ്ടാംദിവസം ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനിലിരുന്ന് ചിലര്‍ മൊബൈല്‍ഫോണില്‍ വ്യാജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ നിര്‍മാതാക്കളിലൊരാളായ സുപ്രിയ മേനോനാണ് കാക്കനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.
അനുയോജ്യമായ സീറ്റിംഗ് പൊസിഷന്‍ നോക്കി ഓണ്‍ലൈന്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്താണ് ഇവര്‍ തിയറ്ററില്‍ എത്തുക. പിന്നീട് ട്രൈപോഡ് അടക്കം ഉപയോഗിച്ചാണ് സിനിമ മൊബൈലില്‍ പകര്‍ത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഏറെനാളായി നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ചോദ്യം ചെയ്യുന്നതിനായി ഇവരെ കാക്കനാട് സൈബർ സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. സ്റ്റീഫനൊപ്പമുള്ള രണ്ടാമന്‍ പ്രതിയാണോ എന്ന കാര്യത്തില്‍ നിശ്ചയമില്ല. സ്റ്റീഫനൊപ്പം അറിയാതെ വന്നതാണെന്നാണ് ഇയാള്‍ പറയുന്നത്.