ചെന്നൈ: സ്വാതന്ത്ര്യദിനത്തിൽ തമിഴ്നാട്ടില്‍ ബിജെപി നടത്താനിരിക്കുന്ന ബൈക്ക് റാലികള്‍ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. തമിഴ്നാട് സര്‍ക്കാര്‍ റാലിക്ക് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടിയായി. ദേശീയ പതാക വഹിച്ചുള്ള റാലിക്കാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ദേശീയ പതാക വഹിച്ചുള്ള റാലിക്കെതിരായ സര്‍ക്കാര്‍ നിലപാട് മതിയായ കാരണങ്ങള്‍ ഇല്ലാതെയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ദേശീയപതാകയെ അവഹേളിക്കാതെ റാലി നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. റാലി നടത്തുമ്പോള്‍ ഗതാഗത തടസ്സമുണ്ടാക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി, ആഘോഷിക്കാനുള്ള അവസരത്തില്‍ ജനങ്ങളെ തടയുന്നത് എന്തിനാണെന്നും ചോദിച്ചു. ദേശീയ പതാക ഉയർത്താൻ കോടതിയെ സമീപിക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്നും ഹൈക്കോടതി വിമർശിച്ചു.