അഞ്ചു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്

അഞ്ചു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്
അഞ്ചു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്

ചെന്നൈ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സാഹചര്യത്തില്‍ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്. അഞ്ചു കോടി രൂപയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തന സംഘത്തെയും മെഡിക്കല്‍ സംഘത്തെയും കേരളത്തിലേക്ക് അയയ്ക്കുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു.

‘വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തില്‍ തമിഴ്‌നാട് പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങള്‍ അഞ്ചു കോടി രൂപ നല്‍കുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളെ സഹായിക്കാന്‍ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ഫയര്‍ & റെസ്‌ക്യൂ സര്‍വീസസ് ടീമിനെയും അയയ്ക്കുന്നുണ്ട്’ എന്നാണ് എം കെ സ്റ്റാലിന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും തമിഴ്നാടിന്റെ പിന്തുണയും ദുരിതത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും എം കെ സ്റ്റാലിന്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടിയത്. മരണ സംഖ്യ 70 കടന്നെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. നിരവധി പേര്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. ജനവാസ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. നിരവധി വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top