നിപ: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്നാട്

24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും

നിപ: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്നാട്
നിപ: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്നാട്

മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ രോഗബാധയുമായി ബന്ധപ്പെട്ട ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനു പിന്നലെ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍. 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍ , തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

അതേസമയം മലപ്പുറത്ത് നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവവപരിശോധനാഫലം നെഗറ്റീവായി.നിപ ബാധയേറ്റ് മരിച്ച 23 കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 13 പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങള്‍ കാണിച്ചത്. ഇതില്‍ 10 പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെ നടത്തിയ ശ്രവ പരിശോധനയിലാണ് 13 പേരുടെയും ഫലം നെഗറ്റീവ് ആയിരിക്കുന്നത്.

Also Read:  നിപ: കർണാടകയിൽ നിരീക്ഷണം ശക്തം

മരിച്ച രോഗിയില്‍ നിന്ന് വൈറസ് ബാധ ഏറ്റിട്ടുണ്ടെങ്കില്‍ എട്ടു മുതല്‍ 10 ദിവസങ്ങള്‍ക്കിടയിലാണ് തീവ്ര രോഗലക്ഷണങ്ങള്‍ കാണിക്കുക. സമ്പര്‍ക്ക പട്ടികയിലെ ഹൈയ്യസ്റ്റ് റിസ്‌ക് കാറ്റഗറിയില്‍ പെട്ട 26 പേര്‍ക്ക് പ്രതിരോധ മരുന്നു നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

രോഗവ്യാപനത്തിന് സാധ്യത കുറവാണ്. എങ്കിലും രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. നിപ ബാധിച്ച് മരിച്ച യുവാവ് ബംഗളൂരുവിലാണ് പഠിച്ചത്. യുവാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സുഹൃത്തുക്കള്‍ നിരീക്ഷണത്തിലാണ്. ഇതുമായിബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top