ചെന്നൈ: അൻപതിലധികംപേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുനേരേ പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷികളുടെയും കുറ്റാരോപണം ശക്തമായി. കൃത്യമായ ഉത്തരങ്ങളില്ലാതെ മരവിച്ച അവസ്ഥയിലാണ് മുഖ്യമന്ത്രി.
വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ സഹായധനം നൽകിയെങ്കിലും ഇതുവരെ ദുരന്തസ്ഥലം മുഖ്യമന്ത്രി നേരിൽ സന്ദർശിക്കാത്തതും ആക്ഷേപങ്ങൾക്ക് ആക്കംകൂട്ടി. വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയുടെ ശാസനയുംകൂടിയായപ്പോൾ മുഖ്യമന്ത്രിക്കും ഡി.എം.കെ. സർക്കാരിനും കനത്ത തിരിച്ചടിയായി.
വിഷമദ്യദുരന്തം നിസ്സാരമായി കാണാനാകില്ലെന്നും മുമ്പുനടന്ന മദ്യദുരന്തത്തിനുശേഷം ഇത്തരം സംഭവങ്ങൾ തടയാൻ എന്തുനടപടി സ്വീകരിച്ചെന്നും കോടതി സർക്കാരിനോടുചോദിച്ചു.