മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ സിബിഐ നാളെ സമർപ്പിക്കും. കോടതി സമയം അവസാനിച്ചതിനാലാണ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിക്കാതിരുന്നത്. പ്രതികളുടെ മർദ്ദനം മൂലമാണ് താമിർ ജിഫ്രി മരിച്ചതെന്ന് സിബിഐ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ജിഫ്രി മയക്കുമരുന്ന് കഴിച്ചിരുന്നെങ്കിലും അത് മരണ കാരണമായിട്ടില്ല. മയക്കുമരുന്നിൻ്റെ അളവ് സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പുറമേ ഗുജറാത്തിലെ ലാബിൽ നിന്ന് സിബിഐക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു. താനൂർ കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ നാല് പേരേയും സിബിഐ സംഘം ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിൻ എന്നിവരാണ് അറസ്റ്റിലായത്.
മെയ് നാലിന് പുലർച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ അന്വേഷണ സംഘം കൊലപാതകക്കുറ്റം ചുമത്തി. എട്ട് വകുപ്പുകളാണ് ചുമത്തിയത്. 302-കൊലപാതക കുറ്റം, 342-അന്യായമായി തടങ്കലിൽ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കലിൽ വെക്കൽ, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കൽ, 330-ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ, 323-ദേഹോപദ്രവം ഏൽപിക്കൽ, 324-ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏൽപിക്കൽ, 34 സംഘം ചേർന്നുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കൽ വീട്ടിൽ താമിർ ജിഫ്രി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് പുലർച്ചെ താമിർ ജിഫ്രി മരിച്ചു. ക്രൂരമർദനമേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മർദനത്തെത്തുടർന്നാണ് മരണമെന്നായിരുന്നു ആരോപണം.