മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബം. ആവശ്യമുന്നയിച്ച് കുടുംബം സിബിഐക്ക് വീണ്ടും പരാതി നൽകിയിരിക്കുകയാണ്. അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച കുടുംബം കേസ് നാലു പേരിൽ ഒതുക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സിബിഐ വിവരങ്ങൾ അറിയിക്കുന്നില്ലെന്നും താമിറിന്റെ കുടുംബം ആരോപിച്ചു. സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും താമിർ ജിഫ്രിയുടെ കുടുംബം വ്യക്തമാക്കി.
ഒന്നാം പ്രതി മലപ്പുറം എസ്പി ആയിരുന്ന എസ് സുജിത് ദാസാണെന്നും സഹോദരൻ പറഞ്ഞു. എസ്പിയും ഡിവൈഎസ്പിയും അടക്കമുള്ളവരെ പ്രതി ചേർക്കണം. ഡാൻസഫ് ഉദ്യോഗസ്ഥർ ചെന്നായ കൂട്ടങ്ങളാണ്. അവരെ നിയന്ത്രിച്ചിരുന്നത് സുജിത് ദാസാണ്. താഴെതട്ടിലുള്ള ഉദ്യോഗസ്ഥർ മാത്രം ശിക്ഷിപ്പെടുന്ന പതിവ് രീതിക്ക് മാറ്റം വരണം. കേസിലെ ഗൂഢാലോചന അന്വേഷിക്കണം. സിബിഐ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച ഹാരിസ് ജിഫ്രി സിബിഐ വിവരങ്ങൾ അറിയിക്കുന്നില്ലെന്നും ആരോപിച്ചു. അന്വേഷണ സംഘത്തെ വിളിച്ചാൽ കിട്ടാറില്ല. കേസ് നാലുപേരിൽ ഒതുക്കരുത്. ഉന്നതരെ സംരക്ഷിക്കാൻ ആളുകൾ ഉണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം. സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും താമിർ ജിഫ്രിയുടെ കുടുംബം പറഞ്ഞു.