കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ മിന്നിത്തിളങ്ങിയ പല പേരുകളും നമുക്ക് സുപരിചിതമാണ്. അത്തരത്തില്‍ ഓര്‍ത്തുവെയ്‌ക്കേണ്ട ഒരു പേരാണ് മുഹമ്മദ് യൂസഫ് തരിഗാമി. ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുല്‍ഗാം നിയമസഭാ മണ്ഡലത്തില്‍ നിന്നും അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത്തവണ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായാണ് തരിഗാമി തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും ഇതിനുമുന്‍പ് സി.പി.എം ടിക്കറ്റില്‍ ഒറ്റയ്ക്ക് നിന്നാണ് അദ്ദേഹം ചെങ്കൊടി പാറിച്ചിരുന്നത്. അതായത് ഇത്തവണയും ഒറ്റയ്ക്ക് മത്സരിച്ചാല്‍ തരിഗാമി വിജയിക്കുമായിരുന്നു എന്നത് രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഇത്തവണ സി.പി.എമ്മുമായി സഖ്യത്തിലായത് ഇന്ത്യാ മുന്നണിക്കാണ് ഗുണം ചെയ്തിരിക്കുന്നത്.
കശ്മീര്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തീവ്രവാദ ഗ്രൂപ്പുകളുടെ വായടപ്പിക്കുന്നതിനും മുന്നിട്ടിറങ്ങിയ കരുത്തുറ്റ കമ്മ്യൂണിസ്റ്റുകാരനാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ തരിഗാമി. വിഘടനവാദികള്‍ വാഴുന്ന കശ്മീര്‍ താഴ്‌വരകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് തരിഗാമി ചുവപ്പ് രാഷ്ട്രീയത്തില്‍ എത്തിചേര്‍ന്നിരുന്നത്. ഭീകരാന്തരീക്ഷം നിലനില്‍ക്കുന്ന കശ്മീര്‍ താഴ്‌വരകളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ജീവിതം ചെങ്കൊടിക്ക് സമര്‍പ്പിച്ച തരിഗാമിയുടെ കൈയില്‍ എപ്പോഴും ഒരു ലൈസന്‍സ്ഡ് റിവോള്‍വറുണ്ടാവും.
ഭീകരരുടെ ഹിറ്റ്ലിസ്റ്റില്‍പ്പെട്ട തരിഗാമിക്ക് നേരെ നിരവധി വധശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആയുസ്സിന്റെ ബലംകൊണ്ട് മാത്രമാണ് അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ഏത് നിമിഷവും തനിക്കുനേരെ ഒരു വെടിയൊച്ച പാഞ്ഞുവരുമെന്നോ, ഒരു അഗ്‌നിഗോളം തന്നെ വിഴുങ്ങുമെന്നോ അദ്ദേഹത്തിന് നന്നായി അറിയാം. അതറിഞ്ഞുകൊണ്ട് തന്നെയാണ് തരിഗാമി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത്. ജനാധിപത്യത്തെ അടിച്ചമര്‍ത്തി വളരാന്‍ പാടുപെടുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ പല ഉന്നതരുടെയും കണ്ണിലെ കരടായിരുന്നു തരിഗാമി.
ജനാധിപത്യമേ ജയിക്കൂവെന്ന് തെളിയിച്ചുകൊണ്ട് ജമ്മു കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ 22 വര്‍ഷം തുടര്‍ച്ചയായി നിയമസഭയിലെത്തുന്ന മുഹമ്മദ് യൂസഫ് തരിഗാമി വീണ്ടും ഒരിക്കല്‍ കൂടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മറ്റ് നേതാക്കളുടെ വിജയങ്ങളില്‍ നിന്നും തരിഗാമിയുടെ വിജയം വ്യത്യസ്തമാകുന്നത് അദ്ദേഹം താണ്ടിയ കനല്‍വഴികളും ത്യാഗങ്ങളും കൊണ്ടാണ്. മരണത്തിന്റെ മുഖത്ത് ചവിട്ടിയ ജീവിത ചരിത്രമാണത്.
കര്‍ഷക കുടുംബത്തില്‍ ജനിച്ച തരിഗാമി അന്നും ഇന്നും പാവങ്ങള്‍ക്കൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ ക്ഷേമത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമാണത്. പതിനെട്ടാം വയസ്സില്‍ തരിഗാമി പഠിച്ച കോളേജിലെ ഇന്‍ടേക്ക് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴത്തെ സി.പിഎമ്മിന്റെ ജമ്മു കശ്മീര്‍ സെക്രട്ടറി ഗുലാം നബി മാലിക്കും തരിഗാമിയും ചേര്‍ന്ന് ഒരു പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. അതായിരുന്നു രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് ഇരുവരും റെവല്യൂഷണറി സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് ഫെഡറേഷന്‍ എന്ന പ്രാദേശിക കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായി മാറുകയായിരുന്നു.
ആദ്യ പ്രതിഷേധപ്രകടനം വിജയം കണ്ടശേഷം പിന്നീട് കര്‍ഷക പ്രസ്ഥാനങ്ങളിലടക്കം തരിഗാമിയുടെ സാന്നിധ്യം കണ്ടുതുടങ്ങി. ഇതിനുപിന്നാലെ സി.പി.എമ്മിന്റെ ഭാഗമായ ഡെമോക്രാറ്റിക് കോണ്‍ഫറന്‍സില്‍ ചേര്‍ന്ന് രാഷ്ട്രീയജീവിതം കൂടുതല്‍ ദൃഢപ്പെടുത്തുകയായിരുന്നു. കര്‍ഷകര്‍ക്കുവേണ്ടി നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ട് തന്നെയാണ് തരിഗാമി ആദ്യമായി ജയിലില്‍ പോകുന്നത്. ഇതുമൂലം കുല്‍ഗാം രാഷ്ട്രീയത്തിലെ മുഖ്യധാരയാകാന്‍ തരിഗാമിക്ക് അധികസമയമൊന്നും വേണ്ടിവന്നിരുന്നില്ല. ഏതൊരു കമ്മ്യൂണിസ്റ്റുകാരനെയും പോലെ സമരമുറകളും പ്രതിഷേധ ജ്വാലയുമൊക്കെ തന്നെയാണ് തരിഗാമിയുടെ രാഷ്ട്രീയ ജീവിതത്തെയും പാകപ്പെടുത്തിയിരുന്നത്.
കശ്മീരിലെ ബിജെപിയുടെ നയം, തൊഴിലില്ലായ്മ, സാമ്പത്തിക സ്തംഭനം തുടങ്ങിയ അരക്ഷിതാവസ്ഥയില്‍ നിന്ന് ജനങ്ങളെ എളുപ്പത്തില്‍ പിന്തിരിപ്പിക്കാന്‍ തരിഗാമിക്ക് സാധിച്ചിട്ടുണ്ട്. കശ്മീരിന്റെ അടിത്തറയെന്ന് പറയുന്നത് തന്നെ തൊഴിലാളി വര്‍ഗത്തിന്റെ ത്യാഗമാണ്. തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊണ്ട് തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപീകരിച്ച് അദ്ദേഹം ജനങ്ങള്‍ക്കൊപ്പം നിന്നു. സംഘപരിവാറിന്റെ നീചകൃത്യങ്ങള്‍ക്കെതിരെ ചാട്ടുളി വീശീയും, ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ഇന്ത്യയില്‍ നിന്ന് ശിഥിലമാക്കുന്ന ഭരണകക്ഷികളുടെ നിലപാടുകള്‍ക്കെതിരെ നിലകൊണ്ടും, കശ്മീരികളുടെ രാഷ്ട്രീയ അവബോധത്തെ തിരിച്ചുകൊണ്ടുവരാന്‍ തരിഗാമി നിരന്തരം ശ്രമിച്ചു. ഇതിന് ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ പിന്തുണയാണ് തുടര്‍ച്ചയായുള്ള തിരഞ്ഞെടുപ്പ് ജയങ്ങള്‍.
കുല്‍ഗാം നിയോജക മണ്ഡലത്തില്‍ നിന്നുള്ള തരിഗാമിയുടെ ആവര്‍ത്തിച്ചുള്ള വിജയം കശ്മീരില്‍ ചേരിതിരിച്ച് വര്‍ഗീയ രാഷ്ട്രീയം കളിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സംഘപരിവാറിനുള്ള ചുട്ടമറുപടിയാണ്. വികസനത്തിനും ഇന്ത്യ-പാക് സൗഹൃദത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് തരിഗാമി നടത്തിയിരുന്നത്. കശ്മീരിലെ പരിസ്ഥിതി കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ വികസനത്തിനുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ നിരവധി തവണ വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്. ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു പോരാടുന്ന അവാമി മുത്താഹിദ മഹസ് എന്ന സംഘടനയുടെ ചെയര്‍മാനായും തരിഗാമി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശബ്ദമുയര്‍ത്തിയ തരിഗാമിയടക്കമുള്ള നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലില്‍ അടച്ചാണ് നേരിട്ടിരുന്നത്. അന്ന് തരിഗാമിയെക്കാണാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് തരിഗാമിയെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നതായി ചൂണ്ടിക്കാട്ടി യെച്ചൂരി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചതിന് ശേഷമാണ് അദ്ദേഹത്തിനെ ഡല്‍ഹിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇതിനെതിരെ ജമ്മുകശ്മീരില്‍ നിന്നും ആദ്യം വാര്‍ത്താസമ്മേളനം നടത്തിയതും തരിഗാമിയാണ്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ പൊതു സുരക്ഷാ നിയമപ്രകാരം തടങ്കലില്‍ വച്ചതിനെ ചോദ്യം ചെയ്ത തരിഗാമി മോദി സര്‍ക്കാരിനെതിരെ രൂക്ഷമായാണ് ആഞ്ഞടിച്ചിരുന്നത്. ചെറുതും വലുതുമായ ജനകീയ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടുന്ന കമ്യൂണിസ്റ്റ് നേതാവാണ് തരിഗാമി. ഒരു ചങ്കുറപ്പുള്ള കമ്മ്യൂണിസ്റ്റുകാരന്‍ വിചാരിച്ചാല്‍ ഭരണകൂടത്തെ വിറപ്പിക്കാന്‍ പറ്റുമെന്നും യൂസഫ് തരിഗാമി തെളിയിക്കുകയാണ്. രാജ്യത്തെ ഞെട്ടിച്ച കത്വ മേഖലയിലെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയ്ക്ക് വേണ്ടി ആദ്യം തെരുവിലിറങ്ങിയത് ഈ സി.പി.എം നേതാവാണ്.
കശ്മീര്‍ നിയമസഭാംഗമായ തരിഗാമി നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ ശക്തമായ ഇടപെടലില്‍ ഭരണപക്ഷം ശരിക്കും പ്രതിരോധത്തിലാവുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ്സിനും നാഷണല്‍ കോണ്‍ഫറന്‍സിനും തരിഗാമിയെ പിന്തുണയ്ക്കേണ്ട സാഹചര്യം ഉണ്ടായി. അങ്ങനെയാണ് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് തോന്നിയ ഘട്ടത്തിലെല്ലാം ചെങ്കൊടിയുമായി തരിഗാമി കളംനിറഞ്ഞു നിന്നു. ഫെബ്രുവരി മാസത്തില്‍ നിരവധി തവണ തരിഗാമി വിഷയം നിയമസഭയില്‍ ഉന്നയിച്ചു. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും അദ്ദേഹം തന്റെ കൃത്യമായ ഇടപെടല്‍ നടത്തി.
ഈ കേസിലെ സംഘപരിവാറിന്റെ ഇടപെടലുകളെ പുറത്തുകൊണ്ടുവന്നതും ചെറുത്തുനിന്നതും തരിഗാമിയും സിപിഎമ്മുമായിരുന്നു. ഒടുവില്‍ പ്രതികളെല്ലാം തന്നെ അറസ്റ്റ് ചെയ്യപ്പെടുകയാണുണ്ടായത്. ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാറിനും സംഘപരിവാറിനുമെതിരെ ശക്തമായ പ്രതിഷേധം നടത്തിയ ചരിത്രമാണ് സി.പി.എമ്മിനും തരിഗാമിക്കും ഉള്ളത്. അത്തരം ഒരു ചരിത്രം കോണ്‍ഗ്രസ്സിന് പോലും അവകാശപ്പെടാന്‍ കഴിയുകയില്ല. ഇത്തരം പ്രക്ഷോഭങ്ങളുടെ കൂടി ഉല്‍പ്പന്നമാണ് ഇപ്പോള്‍ അധികാരത്തില്‍ വരാന്‍ പോകുന്ന സര്‍ക്കാര്‍ എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.
വീഡിയോ കാണാം