ദുബായ്: ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിലെ അനധികൃത റിക്രൂട്ട്മെൻറും വിസ തട്ടിപ്പും തടയാനായി കേരള സർക്കാർ നോർക്ക റൂട്സുമായി സഹകരിച്ച് ആരംഭിക്കുന്ന ടാസ്ക് ഫോഴ്സ് പ്രവാസികൾക്ക് ആശ്വാസമാകും. തൊഴിൽ തേടുന്ന മലയാളികൾ വിസ തട്ടിപ്പിനും റിക്രൂട്ട്മെൻറ് ഏജൻസികളുടെ കബളിപ്പിക്കലിനും ഇരകളാവുന്ന കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാൻ തീരുമാനിച്ചത്.
തട്ടിപ്പുകൾ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രൻറ്സ് ഉദ്യോഗസ്ഥർ, എൻ.ആർ.ഐ സെൽ പൊലീസ് സൂപ്രണ്ട് എന്നിവർ അംഗങ്ങളായി ടാസ്ക്ഫോഴ്സ് രൂപവത്കരിച്ചുകൊണ്ട് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്.
Also Read: ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തും; ഇന്ത്യയും ഖത്തറും യോഗം ചേർന്നു
റിക്രൂട്ട്മെൻറ് സംബന്ധിച്ച പരാതികളിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ ലക്ഷ്യമിട്ടുള്ള നോർക്കയുടെ ഓപറേഷൻ ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം. റിക്രൂട്ട്മെൻറിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരിൽ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നതായി നോർക്ക റൂട്ട്സ് വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്ക്ഫോഴ്സ് എല്ലാ മാസവും യോഗം ചേർന്നു വിലയിരുത്താനാണ് തീരുമാനം.
അനധികൃത റിക്രൂട്ട്മെൻറ് തടയണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലീഗൽ സെൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ആർ. മുരളീധരൻ എന്നിവർ നൽകിയ ഹർജിയിൽ ഇത്തരം തട്ടിപ്പുകൾ തടയാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദേശവും നൽകി.
Also Read: മസ്കറ്റ് ഗവർണറേറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം
പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ശിപാർശകൾ പ്രകാരം റിക്രൂട്ട്മെൻറ് തട്ടിപ്പുകൾ തടയുന്നതിന് ഫലപ്രദവും കർശനവുമായ നടപടികൾക്കായി അടിയന്തര നടപടി സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിക്കുമെന്ന് കെ. വാസുകി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
വിസ, റിക്രൂട്ട് മെന്റ് തട്ടിപ്പുകൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്നതിന് എൻ.ആർ.ഐ സെല്ലിനെ ശക്തിപ്പെടുത്തുന്നതിനും ഈ സെല്ലിന് മാത്രമായി ഒരു സൈബർ സെൽ രൂപവത്കരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും എൻ.ആർ.ഐ സെൽ പൊലീസ് സൂപ്രണ്ടിനും നിർദേശം നൽകിയതും പ്രവാസികൾക്ക് ഇത്തരം തട്ടിപ്പുകൾക്കെതിരെ നീങ്ങാൻ പ്രചോദനമാകും.