താവ്‌ഡെയെ ഒറ്റിയത് ദേവേന്ദ്ര ഫഡ്‌നവിസെന്ന് ആരോപണം

ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കുറച്ചധികം കാലത്തെ പഴക്കമുണ്ട്

താവ്‌ഡെയെ ഒറ്റിയത് ദേവേന്ദ്ര ഫഡ്‌നവിസെന്ന് ആരോപണം
താവ്‌ഡെയെ ഒറ്റിയത് ദേവേന്ദ്ര ഫഡ്‌നവിസെന്ന് ആരോപണം

മുംബൈ: വിനോദ് താവ്‌ഡെയെ ഒറ്റിക്കൊടുത്തത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസെന്ന് ആരോപണം. ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കുറച്ചധികം കാലത്തെ പഴക്കമുണ്ട്. താവ്‌ഡെ പണവുമായി നല്ലസൊപ്പാരയിൽ എത്തിയിട്ടുണ്ടെന്ന വിവരം ബി.ജെ.പി. പ്രവർത്തകരാണ് തന്നെ അറിയിച്ചതെന്ന് ബഹിജൻ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂർ പറഞ്ഞിട്ടുണ്ട്.

അതേ സമയം അത് ദേവേന്ദ്ര ഫഡ്‌നവിസിന്റെ അനുയായികളാവും എന്നാണ് ബി.ജെ.പി. വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതൃത്വം നൽകുന്ന മഹായുതി വിജയിച്ചാൽ മുഖ്യമന്ത്രിയാകുന്നത് ദേവേന്ദ്ര ഫഡ്‌നവിസ് തന്നെയാകുമെന്നായിരുന്നു കേന്ദ്രനേതാക്കൾ മുൻപ്‌ പറഞ്ഞിരുന്നത്.

Also Read: പാലക്കാട് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും

എന്നാൽ ഫഡ്‌നവിസിനെ മറാഠ സംവരണ പ്രക്ഷോഭനേതാവ് ജരാങ്കെ പാട്ടീലും മറ്റും എതിർക്കുന്നതിനെ തുടർന്ന് ആ പ്രചാരണം ബി.ജെ.പി. അവസാനിപ്പിക്കുകയായിരുന്നു. ഫഡ്‌നവിസിന് എന്തെങ്കിലും കാരണവശാൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടാൽ ആ പദവിയിലേക്ക് വിനോദ് താവ്‌ഡെ വരാൻ സാധ്യതയുണ്ട്.

മുൻപും മുഖ്യമന്ത്രി പദവിയിലേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് വിദ്യാഭ്യാസമന്ത്രിയായി മാറേണ്ട അവസ്ഥ താവ്‌ഡെയ്ക്കുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പദത്തിലേക്കുള്ള താവ്‌ഡെയുടെ നീക്കം അവസാനിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഫഡ്നവിസിന്റെ ഇപ്പോഴത്തെ നീക്കമെന്നും വിലയിരുത്തലുണ്ട്.

Top