മസ്‌കത്ത്: ഒമാനില്‍ വിദേശികളുടെ റസിഡന്റ് കാര്‍ഡ് പുതുക്കുന്നതിന് ടി.ബി (ക്ഷയരോഗം) പരിശോധന നിര്‍ബന്ധമാക്കുന്നു. രാജ്യത്ത് ടി.ബി പടരുന്നത് തടയാനും രോഗം ബാധിച്ചവരെ കണ്ടെത്തി ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സിക്കാനും വേണ്ടിയാണ് പുതിയ സംവിധാനമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. ടി.ബി രോഗം കണ്ടു പിടിക്കുന്നതിന് പുതിയ നടപടി ക്രമങ്ങളും നടപ്പില്‍ വരുത്തും.
ടി.ബി പരിശോധനയുടെ ഒന്നാം പടിയായ അംഗീകൃത സ്വകാര്യ ക്ലിനിക്കുകളില്‍ രക്ത പരിശോന നടത്തും. രക്ത പരിശോധനയില്‍ പോസിറ്റിവായാല്‍ അംഗീകൃത സ്വകാര്യ ക്ലിനിക്കുകളില്‍ നിന്ന് ചെസ്റ്റ് എക്‌സ് റേ എടുക്കണം. ഈ എക്‌സ് റേയുമായി സര്‍ക്കാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലെ ഡോക്ടറെ കാണുകയും പരിശോധനകള്‍ നടത്തുകയും വേണം. രോഗം കണ്ടെത്തുന്നവര്‍ക്ക് ആവശ്യമായി വന്നാല്‍ ആരോഗ്യ മന്ത്രാലയം സൗജന്യമായി ചികിത്സ നല്‍കും.