കോഴിക്കോട്: കാലങ്ങളായി കെഎസ്ആര്‍ടിസി തുടര്‍ന്നുപോരുന്ന തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ക്കെതിരേ ടിഡിഎഫ് സമരത്തിനൊരുങ്ങുന്നു. ജീവനക്കാര്‍ക്ക് സമയത്തിന് ശമ്പളം നല്‍കാത്തത് ഉള്‍പ്പെടെയുള്ള തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരേയാണ് പ്രതിഷേധം. ജൂലൈ അഞ്ചിന് ശമ്പളം നല്‍കിയില്ലെങ്കില്‍ എല്ലാ യൂനിറ്റുകളിലും പന്തം കൊളുത്തി പ്രകടനവും ആറ്, എട്ട്, ഒമ്പത് തീയതികളില്‍ യൂനിറ്റുകളില്‍ സമര പരിപാടികളും 10ന് നിയമസഭാ മാര്‍ച്ചും നടത്താന്‍ സംഘടന തീരുമാനിച്ചു.
ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച്ച തമ്പാനൂര്‍ വരദരാജന്‍ നായര്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ഡിഎ കുടിശ്ശിക അനുവദിക്കുക, 16 ഡ്യൂട്ടി നിബന്ധന അവസാനിപ്പിക്കുക, എന്‍ഡിആര്‍, എന്‍പിപിഎസ്, എല്‍ഐസി എന്നിവ കൃത്യമായി അടയ്ക്കുക, തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
ഈ ആവശ്യങ്ങള്‍ക്ക് അടിയന്തരമായി പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കുള്‍പ്പെടെയുള്ള സമര പരിപാടികളിലേക്ക് നീങ്ങണമെന്നും യോഗം തീരുമാനിച്ചു. സംസ്ഥാന ജന. സെക്രട്ടറി വിഎസ് ശിവകുമാര്‍, വര്‍ക്കിങ് പ്രസിഡന്റ് എം വിന്‍സന്റ് എംഎല്‍എ, ആര്‍ അയ്യപ്പന്‍, ഡി അജയകുമാര്‍, ടി സോണി, വിജി ജയകുമാരി, സി മുരുകന്‍, എംഐ അലിയാര്‍ തുടങ്ങിയ സംസ്ഥാന ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.