ഭോപാൽ: മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ. സ്കൂളിൽവെച്ചാണ് 28കാരനായ അധ്യാപകൻ കുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അധ്യാപകൻ കാസിം റെഹാനാനെ പൊലിസ് അറസ്റ്റ് ചെയ്തത്.
സ്കൂൾ അധികൃതർ തന്റെ പരാതി അവഗണിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ തിങ്കളാഴ്ച പൊലിസിനെ സമീപിച്ചതായി ഡെപ്യൂട്ടി പൊലിസ് കമീഷണർ പ്രിയങ്ക ശുക്ല പറഞ്ഞു. മകളുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടതിനെത്തുടർന്ന് സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും അവർ പരാതി അവഗണിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു. പെൺകുട്ടിക്ക് മൂന്ന് വയസും ഏഴ് മാസവും മാത്രമാണ് പ്രായമെന്ന് പൊലിസ് വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് സ്കൂളിലെത്തി വിവരങ്ങൾ ശേഖരിക്കുകയും കംപ്യൂട്ടർ അധ്യാപകനായ കാസിം റെഹാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിക്കെതിരെ ബലാത്സംഗത്തിന് ഭാരതീയ ന്യായ സംഹിത പ്രകാരവും, പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.