CMDRF

ചിന്നസ്വാമിയില്‍ ബെംഗളൂരുവിന് കണ്ണീർ; ലഖ്നൗവിന് രണ്ടാം ജയം

ചിന്നസ്വാമിയില്‍ ബെംഗളൂരുവിന് കണ്ണീർ; ലഖ്നൗവിന് രണ്ടാം ജയം
ചിന്നസ്വാമിയില്‍ ബെംഗളൂരുവിന് കണ്ണീർ; ലഖ്നൗവിന് രണ്ടാം ജയം

പിഎല്ലില്‍ ലഖ്നൗ സൂപ്പർ ജയന്റ്സിന് രണ്ടാം ജയം. ചിന്നസ്വാമിസ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 28 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരുവിന്റെ പോരാട്ടം നിശ്ചിത 19.4 ഓവറില്‍ 153 റണ്‍സില്‍ അവസാനിച്ചു. ബെംഗളൂരുവിന്റെ മധ്യനിരയെ തകർത്ത് മൂന്ന് വിക്കറ്റ് പിഴുത മായങ്ക് യാദവാണ് ലഖ്നൗവിന് ജയം ഒരുക്കിയത്.

വിരാട് കോഹ്ലിയേയും ഫാഫ് ഡുപ്ലെസിസിനെയും പിടിച്ചു കെട്ടാന്‍ തുടക്കത്തിലെ ഇടം കയ്യന്‍ സ്പിന്നർമാരെ കളത്തിലിറക്കിയ കെ എല്‍ രാഹുലിന്റെ തന്ത്രം വിജയിച്ചു. പവർപ്ലേയിലെ ബെംഗളൂരുവിന്റെ ആദ്യപത്യത്തിന് തടയിടാന്‍ ക്രുണാല്‍ പാണ്ഡ്യയ്ക്കും മണിമാരന്‍ സിദ്ധാർത്ഥിനും സാധിച്ചു. സ്കോറിങ്ങിലെ മെല്ലപ്പോക്ക് കോഹ്ലിയുടെ പുറത്താകലിന് വഴിയൊരുക്കി. 22 റണ്‍സെടുത്ത കോഹ്ലിയെ മടക്കി ഐപിഎല്ലിലെ ആദ്യ വിക്കറ്റ് സീദ്ധാർഥ് ആഘോഷിച്ചു.

തൊട്ടുപിന്നാലെ ഡുപ്ലെസിസ് (19) റണ്ണൗട്ടായി. ബെംഗളൂരുവിന്റെ മധ്യനിരയെ മായങ്ക് യാദവെന്ന 21-കാരന്‍ തകർത്തെറിയുന്നതായിരുന്നു ചിന്നസ്വാമി പിന്നീട് സാക്ഷ്യം വഹിച്ചത്. ഗ്ലെന്‍ മാക്സ്‌വെല്‍ (0), രജത് പാട്ടിദാർ (29), കാമറൂണ്‍ ഗ്രീന്‍ (9) എന്നിവർക്ക് മായങ്കിന്റെ പേസിനെ അതിജീവിക്കാനായില്ല. അനൂജ് റാവത്ത് (11) സ്റ്റോയിനിസിനും കീഴടങ്ങിയതോടെ 103-6 എന്ന നിലയിലേക്ക് ബെംഗളൂരു വീണു.

ദിനേഷ് കാർത്തിക്ക് (4), മായങ്ക് ഡാഗർ (0) എന്നിവരുടെ വിക്കറ്റുകള്‍ ലഖ്നൗവിന്റെ ജയം എളുപ്പമാക്കി. 13 പന്തില്‍ 33 റണ്‍സെടുത്ത മഹിപാല്‍ ലോംറോറാണ് ബെംഗളൂരുവിനെ കൂറ്റന്‍ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. 18-ാം ഓവറില്‍ യാഷ് താക്കൂറിന്റെ പന്തിലായിരുന്നു ലോംറോറിന്റെ പുറത്താകല്‍. 12 റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ മടക്കി ടോപ്ലിയാണ് വിജയം ഉറപ്പിച്ചത്.

Top