CMDRF

ബിജെപി വ്യാജ മെമ്പര്‍ഷിപ്പ് ക്യാമ്പയ്‌നുകൾ നടത്തുന്നു; തേജസ്വി യാദവ്

ബിജെപി സ്വയം ഏറ്റവും വലിയ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്നു

ബിജെപി വ്യാജ മെമ്പര്‍ഷിപ്പ് ക്യാമ്പയ്‌നുകൾ നടത്തുന്നു; തേജസ്വി യാദവ്
ബിജെപി വ്യാജ മെമ്പര്‍ഷിപ്പ് ക്യാമ്പയ്‌നുകൾ നടത്തുന്നു; തേജസ്വി യാദവ്

പട്ന: ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനെ പരിഹസിച്ച് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ബിജെപി വ്യാജ മെമ്പര്‍ഷിപ്പ് ക്യാമ്പയ്‌നുകൾ നടത്തുകയും തെറ്റായ കണക്കുകള്‍ കാണിക്കുകയും ചെയ്യുന്നതായി തേജസ്വി യാദവ് പറഞ്ഞു. പട്നയിലെ ആര്‍ജെഡിയുടെ സംസ്ഥാന ഓഫീസില്‍ മെമ്പര്‍ഷിപ്പ് ഡ്രൈവ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ബിജെപി സ്വയം ഏറ്റവും വലിയ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്നു. പക്ഷേ ഡല്‍ഹിയില്‍ അവര്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം അതിന്റെ അംഗങ്ങളുടെ എണ്ണത്തേക്കാള്‍ കുറവാണ്. ബിഹാറിലും ഇതുതന്നെ സംഭവിച്ചു . ബിജെപി ഓണ്‍ലൈനില്‍ വ്യാജ മെമ്പര്‍ഷിപ്പ് കാമ്പെയ്നുകള്‍ നടത്തുകയും തെറ്റായ കണക്കുകള്‍ കാണിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു. ബിഹാറില്‍ പരമാവധി അംഗങ്ങളുള്ള പാര്‍ട്ടിയായി ആര്‍ജെഡി മാറുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു.

”ബിഹാറില്‍ മാത്രമല്ല, 20 ലധികം സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ അംഗത്വ ഡ്രൈവ് ആരംഭിക്കുകയാണ്. ഞങ്ങള്‍ ഒരു കോടി അംഗങ്ങളെ ലക്ഷ്യം വച്ചിട്ടുണ്ട്. വരും മാസങ്ങളിലും ഡ്രൈവ് തുടരും, ”അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളും ആര്‍ജെഡിയില്‍ അംഗങ്ങളാകുമെന്ന് തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു. 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിഹാറില്‍ ആര്‍ജെഡിയും സഖ്യകക്ഷികളും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യാദവ് പറഞ്ഞു.

അംഗത്വ യജ്ഞത്തിലൂടെ സംഘടനയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ആര്‍ജെഡി മെമ്പര്‍ഷിപ്പ് ഡ്രൈവ് ആരംഭിച്ചത്. ആര്‍ജെഡി ദേശീയ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഡല്‍ഹിയിലെ റാബ്രി ഭവനില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു.

Top