മസ്‌കറ്റ് : തലസ്ഥാനമായ മസ്‌കത്തിലടക്കം വിവിധ ഗവര്‍ണറേറ്റുകളില്‍ മഴമേഘം വെളിവായതോടെ അന്തരീക്ഷ താപനിലയില്‍ മാറ്റം. തിങ്കളാഴ്ച രാവിലെ 10ന് 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു രാജ്യത്തെ പലയിടത്തും അന്തരീക്ഷ താപനില. കഴിഞ്ഞ ആഴ്ചകളിലിത് 30 മുതല്‍ 45 ഡിഗ്രി വരെ ഉയര്‍ന്ന തോതിലായിരുന്നു. കാലാവസ്ഥ മാറ്റവും ചൂടില്‍വന്ന അയവും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.
ആഗസ്റ്റ് അഞ്ചിനും ഏഴിനുമിടയില്‍ അറിബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഒമാനിലെ പലഗവര്‍ണറേറ്റുകളിലും പരക്കെ മഴക്ക് കാലാവസ്ഥ നിരീക്ഷണകേന്ദ്രം സാധ്യത കല്‍പ്പിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറയാന്‍ സാധ്യതയുണ്ടെന്നും വാഹനങ്ങള്‍ക്ക് ദൃശ്യത കുറയുമെന്നും ജാഗ്രതപാലിക്കണമെന്നും നിര്‍ദേശമുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റിലെ തീരദേശങ്ങളിലും മഴക്ക് സാധ്യതയുണ്ട്.
സൗത്ത് അല്‍ ബാത്തിന, അല്‍ ദഖിലിയ, മസ്‌കത്ത്, നോര്‍ത്ത് അല്‍ ബാത്തിന, അല്‍ ദാഹിറ, അല്‍ ബുറൈമി, നോര്‍ത്ത് അല്‍ ഷര്‍ഖിയ, മുസന്ദം എന്നി ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴക്കും മിന്നലിനും സാധ്യതയുണ്ട്. വാദികള്‍ രൂപപ്പെടാനും വെള്ളപ്പൊക്കമുണ്ടാവാനും സാധ്യതയുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിപ്പുണ്ട്. കാലവസ്ഥ വിദഗ്ധര്‍ സ്ഥിതിഗതികള്‍ സുക്ഷ്മമമായി നിരീക്ഷിച്ച് വരികയാണെന്നും അറിയിപ്പില്‍ പറയുന്നു.