ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ താപനില 50 ഡിഗ്രിയിലേക്ക്; ജാഗ്രതാ നിര്‍ദേശം

ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ താപനില 50 ഡിഗ്രിയിലേക്ക്; ജാഗ്രതാ നിര്‍ദേശം
ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ താപനില 50 ഡിഗ്രിയിലേക്ക്; ജാഗ്രതാ നിര്‍ദേശം

മനാമ: ബഹ്റൈനുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും സമീപരാജ്യങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസാകുമെന്ന് മുന്നറിയിപ്പ്. ഈ ആഴ്ച അവസാനത്തോടെ ചൂട് 50 ഡിഗ്രി കടന്നേക്കും. അറേബ്യന്‍ വെതര്‍ സെന്ററാണ് കാലാവസ്ഥ മാറ്റങ്ങള്‍ വിലയിരുത്തി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ബഹ്റൈന്‍, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, യുഎ.ഇ എന്നിവിടങ്ങളിലെല്ലാം താപനില ഉയരും. ഇപ്പോള്‍തന്നെ ഉയര്‍ന്ന ചൂടാണ് പല രാജ്യങ്ങളിലും അനുഭവപ്പെടുന്നത്. ആഫ്രിക്കന്‍ മരുഭൂമിയില്‍നിന്ന് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് മര്‍ദവ്യതിയാനത്തിന്റെ ഫലമായി ചൂടുള്ള വായു പിണ്ഡത്തിന്റെ പ്രവാഹമുണ്ടാകും.

ഇത് അറേബ്യന്‍ മേഖലയെയും ബാധിക്കും. അറേബ്യന്‍ രാജ്യങ്ങള്‍ ഈ ആഴ്ചാവസാനത്തോടെ ആഗോളതലത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ബഹ്‌റൈനില്‍ വെള്ളിയാഴ്ചയോടെ താപനില 47 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്ന് കാലാവസ്ഥാ ഡയറക്ടറേറ്റിന്റെ പ്രവചനമുണ്ട്. പകല്‍ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാനും ജലാംശം നിലനിര്‍ത്താനും അറബ് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിക്കുന്നു.

അയഞ്ഞ വസ്ത്രങ്ങളിലേക്ക് മാറാം

മണിക്കൂറുകളോളം ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് കഠിനമായ ചൂടില്‍ ജോലിചെയ്യുന്നവര്‍ക്ക് വ്യാപകമായ ചര്‍മരോഗങ്ങള്‍ പിടിപെടാം. ഇവര്‍ ഡോക്ടറുടെ ഉപദേശം തേടണം. വെയിലുകൊണ്ട് ജോലി ചെയ്യുന്നവര്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രം ധരിക്കണം. പൈപ്പുകളില്‍ ചൂടുവെള്ളം വരുന്നത് ഒഴിവാക്കാന്‍ നേരത്തേ വെള്ളം സംഭരിച്ചുവെച്ച് വേണം കുളിക്കാന്‍. അല്ലെങ്കില്‍ തൊലിയില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാനും മുടി കൊഴിയാനും സാധ്യത ഏറെയാണ്.

ചൂടുവെള്ളത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച ഐസുകട്ടകള്‍ ലയിപ്പിച്ച് കുളിക്കുന്നത് ശരീരത്തിന് ഗുണകരമല്ല. പുറത്തിറങ്ങുമ്പോള്‍ തൊപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍കൊണ്ട് തല മറക്കണം. കണ്ണില്‍ നേരിട്ട് വെയിലുകൊള്ളുന്നത് തടയാന്‍ കൂളിങ് ഗ്ലാസ് ധരിക്കാം. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം.

പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് നല്ലത്

പെട്ടെന്ന് ദഹിക്കുന്നതരത്തിലുള്ള ഭക്ഷണമാണ് ചൂടുകാലത്ത് നല്ലത്. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നത് ദഹനത്തെ സഹായിക്കും. പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ചിക്കന്‍, മട്ടന്‍, ബീഫ് പോലുള്ള മാംസാഹാരം കുറക്കാം.

ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. വെയിലെത്തുനിന്ന് വന്ന ഉടന്‍ ഫ്രിഡ്ജിലെ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ചൂടുകാലത്ത് കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. പഞ്ചസാര ചേര്‍ന്ന പാനീയങ്ങള്‍ ഒഴിവാക്കണം. പ്രത്യേകിച്ച് സോഫ്റ്റ് ഡ്രിങ്കുകളും കാപ്പിയും. ഭക്ഷണം കൃത്യസമയത്ത് കഴിക്കണം.

താപവ്യതിയാനവും പ്രശ്‌നങ്ങളും

പുറത്തെ വെയിലിന്റെ ചൂടും അകത്തെ എസിയുടെ കൃത്രിമ തണുപ്പും ഓഫിസുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് വിട്ടുമാറാത്ത ജലദോഷവും പനിയും അനുഭവപ്പെടാന്‍ കാരണമാകുന്നു.

കഠിനമായ ചൂടില്‍നിന്ന് നേരെ എസിയുടെ തണുപ്പിലേക്ക് വരുമ്പോഴും വൈറല്‍ പനിപോലുള്ള അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ശരീരത്തിന്റെ താപം പെട്ടെന്ന് കുറയുന്നതാണ് പ്രധാനകാരണം. ഈ അവസരങ്ങളില്‍ ശ്വസനേന്ദ്രിയങ്ങളില്‍ ബാക്ടീരിയ വളരാനും ഫംഗസ് ബാധക്കും സാധ്യത ഏറെയാണ്.

തുടര്‍ച്ചയായി എസിയില്‍ ജോലിചെയ്യുന്നവര്‍ക്കും അതിന്റേതായ ശാരീരിക പ്രയാസം അനുഭവപ്പെടുന്നു. വിട്ടുമാറാത്ത ജലദോഷവും പനിയും മൂക്കടപ്പും അലര്‍ജി ജന്യമായ കാരണങ്ങളാല്‍ പിടിപെടുന്നു. ഈ രോഗം വരുമ്പോള്‍ ചികിത്സതേടണം. എസിയുടെ ഫില്‍ട്ടര്‍ ഇടക്കിടക്ക് വൃത്തിയാക്കണം.

Top