സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ താപനില കുത്തനെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് ഇന്ന് മുതല്‍ ഏപ്രില്‍ 26 വരെ പാലക്കാട് ജില്ലയില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും 11 ജില്ലകളില്‍ താപനില ഉയരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഏപ്രില്‍ 24 മുതല്‍ 28 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് ഏപ്രില്‍ 24 മുതല്‍ 26 വരെ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.