കര്‍ണാടക: ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം ശരിയായ ഗതിയില്‍ തന്നെ നീങ്ങുകയാണ്. ബൂം എക്‌സ്‌കവേറ്ററുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിയന്ത്രണാതീതമായ അടിയൊഴുക്കും, മരങ്ങളും, പാറകളും പുഴയിലുണ്ട്. അതുകൊണ്ടുതന്നെ താത്ക്കാലിക തടയണ നിര്‍മ്മിച്ച് അടിയൊഴുക്ക് നിയന്ത്രിക്കാനും കുത്തൊഴുക്ക് ക്രമപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തും. തയ്യാറെടുപ്പുകൾ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കും. 2 മണിക്കൂറിനുള്ളില്‍ തന്നെ ഫലം ലഭിക്കുമെന്ന് റിട്ട ജനറല്‍ ഇന്ദ്രബാലന്‍ അറിയിച്ചു.
ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ കിടപ്പും കേടുപാടുകള്‍ ഉണ്ടോ എന്നും അറിയാന്‍ സാധിക്കും, അതുപോലെതന്നെ കളര്‍ ചിത്രങ്ങളും ലഭിക്കും. നദിയുടെ ഒഴുക്ക് കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് കമാന്‍ഡര്‍ അതുല്‍ പിള്ള അറിയിച്ചു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദ്ധരാകും ട്രക്ക് കണ്ടെത്തുന്നതിനായി നദിയില്‍ ഇറങ്ങുക. കലങ്ങി മറിഞ്ഞൊഴുകുന്ന വെള്ളം തിരച്ചിലിന് ഭീക്ഷണിയാവുന്നുണ്ട്.