കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താൽക്കാലിക സ്റ്റേ

കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താൽക്കാലിക സ്റ്റേ
കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താൽക്കാലിക സ്റ്റേ

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ഹൈക്കോടതി. ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി അടിയന്തരമായി കേൾക്കുമെന്നും കോടതി അറിയിച്ചു. ഹർജി കേൾക്കുന്നത് വരെയാണ് താത്കാലിക സ്റ്റേ നൽകിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് കെജ്രിവാളിന്റെ ജാമ്യം തടയണം എന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണം എന്നായിരുന്നു ആവശ്യം. വിചാരണ കോടതി വ്യാഴാഴ്ച്ച രാത്രി എട്ട് മണിക്കാണ് ജാമ്യത്തിന് ഉത്തരവിട്ടത്. അതിന്റെ ഫയൽ ഇതുവരെയും അപ്ലോഡ് ചെയ്തിട്ടില്ലെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചത്.

ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഫയൽ ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടികാട്ടി. ഫയൽ കോടതിക്ക് മുന്നിലെത്തിയാൽ എസിജിക്ക് എതിർവാദം അറിയിക്കാം. കെജ്രിവാളിന്റെ അഭിഭാഷകൻ വിക്രം ചൗധരി ഇഡി അപേക്ഷയെ എതിർത്തു. ഇഡി വാദം അതിശയകരവും അനുചിതവുമാണെന്ന് അഭിഭാഷകൻ പറഞ്ഞു. കോലാഹലം ഉണ്ടാക്കി വിവാദം സൃഷ്ടിച്ചാൽ വിഷയം അവസാനിക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. റൗസ് അവന്യൂകോടതിയുടെ അവധിക്കാല ബെഞ്ച് ഒരു ലക്ഷ്യം രൂപയുടെ ജാമ്യത്തുകയിലായിരുന്നു കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.

Top