ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചതായി കർണാടക.
ഞായറാഴ്ച വൈകുന്നേരം നടന്ന ഉന്നതലയോഗത്തിനുശേഷമാണ് കര്‍ണാടക ഔദ്യോഗികമായി തീരുമാനം അറിയിച്ചത്. അർജുനെ കാണാതായി പതിമൂന്നാം ദിവസമാണ് തിരച്ചില്‍ നിര്‍ത്തുന്നത്.
കേരളം തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിരച്ചില്‍ തുടരാനാവില്ലെന്ന് കര്‍ണാടക വ്യക്തമാക്കി. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് ദിവസങ്ങളായി തടസം സൃഷ്ടിക്കുകയാണ്.
പുഴയില്‍ ഇറങ്ങാനാവില്ലെന്നും കുത്തൊഴുക്ക് കുറഞ്ഞാല്‍ തിരച്ചില്‍ തുടരുമെന്നും കാര്‍വാര്‍ എം.എല്‍.എ പറഞ്ഞു. യന്ത്രങ്ങള്‍ എത്തിച്ചശേഷമേ തിരച്ചില്‍ പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഷിരൂരിലെ രക്ഷാദൗത്യം നിർത്തിവെച്ചതിൽ പ്രതിഷേധവുമായി കേരളത്തിലെ ജനപ്രതിനിധികൾ രംഗത്തെത്തിയിരുന്നു. തിരച്ചിൽ നിർത്തിയത് കേരളവുമായി കൂടിയാലോചിക്കാതെയാണെന്നും ശനിയാഴ്ച നടത്തിയ ചർച്ചയിൽ രക്ഷാദൗത്യം തുടരുമെന്നാണ് അറിയിച്ചിരുന്നതെന്നും മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
വൈകീട്ടത്തെ യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്ന് എം. വിജിൻ എം.എൽ.എയും അറിയിച്ചിരുന്നു.തിരച്ചില്‍ കൂടുതൽ കരുത്തോടെ തുടരണമെന്നുകാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു.
അർജുനെ കണ്ടെത്തുന്നത് സംബന്ധിച്ച് അനുകൂലമായ ഫലം ലഭിക്കുന്നതുവരെ രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദേശം നൽകണമെന്നും ആവശ്യമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് കൂടുതൽ ശക്തിയോടെ പ്രവർത്തനങ്ങൾ തുടരണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു.