വാഷിങ്ടണ്‍: അമേരിക്കയില്‍ കുട്ടികളുടെ വാട്ടര്‍പാര്‍ക്കിലെ കൂട്ടവെടിവെയ്പിൽ രണ്ട് കുട്ടികൾക്കടക്കം പത്തോളം പേര്‍ക്ക് പരുക്കുപറ്റിയതായി പൊലീസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോച്ചസ്റ്റര്‍ ഹില്‍സിലെ ബ്രൂക്ക്ലാന്‍ഡ്സ് പ്ലാസ സ്പ്ലാഷ് പാഡിലാണ് വെടിവെയ്പ് നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെടിവെയ്പിന് ശേഷം സമീപത്തെ വീടിനുള്ളില്‍ ഒളിച്ചിരുന്ന അക്രമിയെ പൊലീസ് വളഞ്ഞതായി ഓക്ലാന്‍ഡ് കൗണ്ടി ഷെരീഫ് മൈക്കല്‍ ബൗച്ചാര്‍ഡ് പറഞ്ഞു. ആളുകളോട് പ്രദേശത്ത് നിന്ന് മാറിനില്ക്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് അഞ്ചോടെ സ്പ്ലാഷ് പാഡിലെത്തിയ പ്രതി വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഓക്ലാന്‍ഡ് കൗണ്ടി ഷെരീഫ് പറഞ്ഞു. 28 തവണയോളം പ്രതി പാര്‍ക്കിലേക്ക് വെടിയുതിര്‍ത്തിട്ടുണ്ട്.
വെടിവെയ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഈ വര്‍ഷം മാത്രം 215ല്‍ അധികം കൂട്ടവെടിവെയ്പുകള്‍ അമേരിക്കയിൽ നടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.