നെതന്യാഹുവിനെ ക്രൈം മിനിസ്റ്ററെന്ന് വിളിച്ച് ഇസ്രായേലില്‍ പതിനായിരങ്ങളുടെ പ്രതിഷേധം

നെതന്യാഹുവിനെ ക്രൈം മിനിസ്റ്ററെന്ന് വിളിച്ച് ഇസ്രായേലില്‍ പതിനായിരങ്ങളുടെ പ്രതിഷേധം

തെല്‍ അവീവ്: ലോകസമ്മദങ്ങള്‍ക്കിടയിലും ഗസയിലെ അധിനിവേശത്തില്‍ നിന്ന് പിന്നോട്ട് പോകാത്ത ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ സ്വന്തം നാട്ടില്‍ പതിനായിരങ്ങളുടെ പ്രതിഷേധം. തെല്‍ അവീവില്‍ നടന്ന പ്രകടനത്തില്‍ യുദ്ധം അവസാനിപ്പിക്കണം, ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കണം, പുതിയ തെരഞ്ഞെടുപ്പ് നടത്തണം എന്നീ ആവശ്യങ്ങളാണ് പ്രധിഷേധക്കാര്‍ ഉയര്‍ത്തിയത്.

നെതന്യാഹുവിനെ ക്രൈം മിനിസ്റ്റര്‍ എന്ന് വിശേഷിപ്പിച്ചാണ് പ്രതിഷേധക്കാരെത്തിയത്. യുദ്ധം അവസാനിപ്പിക്കണമെന്ന ബാനറുകളും പ്രതിഷേധക്കാരുടെ കൈയിലുണ്ടായിരുന്നു. ഈ സര്‍ക്കാരിന് കീഴില്‍ തന്റെ പേരമക്കള്‍ക്ക് ഭാവിയുണ്ടാവില്ലെന്ന് അറിയുന്നതിനാലാണ് താന്‍ പ്രതിഷേധത്തിനെത്തിയതെന്ന് 66കാരിയായ ഷായ് ഇറേല്‍ പറഞ്ഞു.

ചില ആളുകള്‍ ഡെമോക്രസി സ്‌ക്വയറില്‍ ചുവന്ന പൊയിന്റടിച്ചായിരുന്നു നെതന്യാഹുവിന്റെ ഭരണത്തിന് കീഴില്‍ രാജ്യത്തെ ജനാധിപത്യം മരിച്ചുവെന്ന് പറഞ്ഞത്. പ്രതിഷേധത്തിനിടെ നടന്ന യോഗത്തില്‍ ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയെന്ന വിശേഷമാണ് സെക്യൂരിറ്റി സര്‍വീസ് മുന്‍ തലവന്‍ യുവാല്‍ ഡിസ്‌കിന്‍ നെതന്യാഹുവിന് നല്‍കിയത്.

ഇസ്രായേലിലെ വലതുപക്ഷ പാര്‍ട്ടികളുടെ സഖ്യത്തില്‍ അതൃപ്തിയുണ്ടെന്ന കൃത്യമായ സന്ദേശവും പ്രതിഷേധക്കാര്‍ നല്‍കിയിട്ടുണ്ട്. നെതന്യാഹുവിന്റെ നേതൃത്വത്തിലും അവര്‍ക്ക് അതൃപ്തിയുണ്ട്.
യുദ്ധവിരുദ്ധ പ്രതിഷേധത്തില്‍ ഒന്നര ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തുവെന്നാണ് സംഘടനകള്‍ അവകാശപ്പെടുന്നത്.

Top