ഇസ്രയേലില്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ തെരുവില്‍ പ്രതിഷേധിച്ച് പതിനായിരങ്ങള്‍. കഴിഞ്ഞ ദിവസം മധ്യ ജറുസലേമില്‍ നഗരത്തിലെ പ്രധാന വടക്ക്-തെക്ക് ഹൈവേയായ ബിഗിന്‍ ബൊളിവാര്‍ഡ് തടഞ്ഞ് കൊണ്ടാണ് നെതന്യാഹുവിനെതിരെ കനത്ത പ്രതിഷേധം അരങ്ങേറിയത്. ഒക്ടോബറില്‍ ഗാസക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധമാണിത്.ഹമാസ് പ്രവര്‍ത്തകര്‍ ഗാസയില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കുക, തിരഞ്ഞെടുപ്പ് നേരത്തെ നടത്തുക, വെടി നിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. ഗാസയില്‍ ഇപ്പോഴും ബന്ദികളാക്കിയ 134 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാന്‍ ഉടനടി കരാറുണ്ടാക്കണമെന്നും, ഒരു കരാറില്ലാതെ യുദ്ധം നീണ്ടുനില്‍ക്കുന്നിടത്തോളം കൂടുതല്‍ പേര്‍ മരിക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
നവംബറില്‍ ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തലില്‍ ഗാസയിലെ പകുതിയോളം ബന്ദികളെ വിട്ടയച്ചിരുന്നു. എന്നാല്‍ ബാക്കിയുള്ള ബന്ദികളെ നാട്ടിലെത്തിക്കാനുള്ള അന്താരാഷ്ട്ര മധ്യസ്ഥരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് ബന്ദികളുടെ കുടുംബങ്ങള്‍ അടക്കമുള്ളവരാണ് പ്രതിഷേധത്തിനായി തെരുവില്‍ ഇറങ്ങിയിട്ടുള്ളത്. ഗാസയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെയെത്തിക്കാന്‍ സാധിക്കാത്തതും രോഷത്തിന് കാരണമാകുന്നുണ്ട്. നെതന്യാഹു തന്റെ സ്വകാര്യ താല്‍പ്പര്യങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇസ്രയേലിന്റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയായ അമേരിക്കയുമായുള്ള ബന്ധം അദ്ദേഹം തകര്‍ക്കുന്നുവെന്നും ആരോപണം ഉണ്ട്.ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുമെന്നും എല്ലാ ബന്ദികളെയും നാട്ടിലെത്തിക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു നേട്ടത്തെ പ്രതിജ്ഞ എടുത്തിരുന്നു. എന്നാല്‍ സംഘര്‍ഷങ്ങള്‍ കൂടുതല്‍ വ്യാപകമാവുകയും ലോകരാജ്യങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയും ചെയ്തു. മുഴുവന്‍ ബന്ദികളെയും നാട്ടില്‍ എത്തിക്കാനോ ഹമാസിനെ പൂര്‍ണമായി തകര്‍ക്കാനോ സാധിച്ചിരുന്നില്ല.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണത്തെ ചൊല്ലി ഇസ്രയേലില്‍ നില നിന്നിരുന്ന ഭിന്നതക്ക് ഒക്ടോബറിന് ശേഷം താല്‍ക്കാലിക ശമനം ഉണ്ടായിരുന്നു. ഒക്ടോബര്‍ 7 ന് അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനിടെ ഹമാസ് 1,200 പേരെ കൊല്ലുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ സമൂഹം വിശാലമായി ഐക്യപ്പെട്ടത്. എന്നാല്‍ ആറ് മാസത്തോളമായി അന്ത്യമില്ലാതെ നീളുന്ന സംഘര്‍ഷങ്ങളും മുഴുവന്‍ ബന്ദികളേയും തിരിച്ചെത്തിക്കാന്‍ കഴിയാതെ വന്നതോടെയുമാണ് ഇസ്രയേല്‍ സമൂഹത്തില്‍ നില നില്‍ക്കുന്ന ഭിന്നത വീണ്ടും പുറത്തെത്തുന്നത്..