രക്തം കൊണ്ടെഴുതിയ പോരാട്ട ചരിത്രമുള്ള യുവജന പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ, ആ സംഘടനയുടെ രക്തസാക്ഷി പട്ടികയില്‍ സഖാവ് പുഷ്പനും ഇടം പിടിക്കുമ്പോള്‍, പോരാട്ടത്തിന്റെ ആ നാള്‍ വഴികള്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയുകയില്ല. മന്ത്രി എം.വി രാഘവനെ തടയാന്‍ സംഘടിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന പൊലീസ് വെടിവയ്പ്പില്‍ അന്ന് പിടഞ്ഞ് വീണത് നിരവധി പേരാണ്. അതില്‍ അഞ്ച് പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടപ്പോള്‍, വെടിയേറ്റ പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷി ആയാണ് മാറിയിരുന്നത്. യുവജന പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത എം.വി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ക്രൂരമായ മര്‍ദ്ദനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നത്. കാലൊടിഞ്ഞും തലയും കൈകളും പൊട്ടിയും പിടഞ്ഞ് വീണവരും അനവധി. ഇവരെല്ലാം പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഇപ്പോഴും പലരുടെയും ശരീരത്തില്‍ ആ കെടുതികള്‍ ബാക്കിയാണ്.
മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് പുഷ്പന്‍ ഈ നാടിനോടും സഖാക്കളോടും വിടപറഞ്ഞത്. ‘നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി ഒരു മുദ്രാവാക്യമെങ്കിലും വിളിക്കാന്‍ പറ്റാതെയിരിക്കുന്നതിലും ഭേദം മരണമെന്നായിരുന്നു ‘സഹനങ്ങളത്രയും താണ്ടിയിട്ടും ജീവിതാന്ത്യത്തിലും പുഷ്പനെന്ന കമ്യുണിസ്റ്റ് സ്വീകരിച്ചിരുന്ന നിലപാട്. കഠിനവേദനയിലും ചുവപ്പ് പ്രത്യയശാസ്ത്ര ബോധം നല്‍കിയ കരുത്തിലാണ് ഇത്രയും കാലം പുഷ്പന്‍ പിടിച്ചു നിന്നിരുന്നത്. നിരാശയുടെ ഒരു ലാഞ്ഛനപോലും പുഷ്പനില്‍ ആരും കണ്ടിട്ടുണ്ടാവില്ല. അത്രയും മനക്കരുത്തും രാഷ്ട്രീയബോധ്യവും പുഷ്പന് അന്നുതൊട്ടിന്നോളമുണ്ടായിരുന്നു എന്നത് വ്യക്തം.
1994 നവംബര്‍ 25നാണ് നാഡി തുളച്ചുകയറിയ വെടിയുണ്ടയേറ്റ് പുഷ്പന്‍ വീണുപോയിരുന്നത്. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രയായിരുന്നു പിന്നീടങ്ങോട്ട്, ലഭിക്കാവുന്ന എല്ലാ ചികിത്സയും പുഷ്പന് ഉറപ്പ് വരുത്തിയത് സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണ്. രാജ്യത്തെ മറ്റൊരു പ്രസ്ഥാനവും ഇത്തരമൊരു കരുതല്‍ സ്വന്തം അനുയായികളോട് കാണിച്ചിട്ടുണ്ടാകില്ല. മൂന്ന് പതിറ്റാണ്ടാണ് പുഷ്പന്റെയും കുടുംബത്തിന്റെയും സംരക്ഷണ ചുമതല സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ഏറ്റെടുത്ത് നടപ്പാക്കിയിരിക്കുന്നത്. പുഷ്പനില്ലാത്ത കുടുംബത്തെ ഇനിയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കൈവിടില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ വെടിയേറ്റ് പൂര്‍ണമായി കിടപ്പിലായിട്ടും ഇത്രയും നാള്‍ ജീവിച്ചിരുന്ന മറ്റൊരാള്‍ കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ ഉണ്ടായിട്ടുണ്ടോ എന്നതും സംശയമാണ്.
സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടവും പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് കോഴ നിയമനവും യുഡിഎഫ് സര്‍ക്കാര്‍ യഥേഷ്ടം നടത്തുന്നതിനിടയിലാണ് മന്ത്രി എം വി രാഘവനെതിരെ കരിങ്കൊടികാട്ടി പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചിരുന്നത്. മന്ത്രിയുടെ മുന്നില്‍ പ്രതിഷേധമുയര്‍ത്തി കേരളമെമ്പാടും നടന്ന സമരമുഖങ്ങളിലൊന്നു മാത്രമായിരുന്നു കൂത്തുപറമ്പ്. എന്നാല്‍ സമരത്തെ അടിച്ചൊതുക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതാണ് ഏറ്റുമുട്ടലിലും വെടിവയ്പിലും കലാശിച്ചിരുന്നത്. പ്രതിഷേധമറിയിക്കാനായി തടിച്ചുകൂടിയവരില്‍ അഞ്ചുപേരെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ കെ രാജീവന്‍, മധു, ബാബു, റോഷന്‍, ഷിബു ലാല്‍ എന്നിവരാണ് പുഷ്പനു മുന്‍പേ മരണത്തിന് കീഴടങ്ങിയിരുന്നത്.
വെടിവയ്പിന് കാരണമാകാവുന്ന ഒരു സാഹചര്യവും കൂത്തുപറമ്പിലുണ്ടായിരുന്നില്ല. മുന്നറിയിപ്പുകള്‍ നല്‍കുകയോ മറ്റു നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്യാതെയാണ് കരിങ്കൊടി മാത്രം കൈയിലുണ്ടായിരുന്ന യുവാക്കള്‍ക്ക് നേരെ പൊലീസ് വെടിവച്ചിരുന്നത്. സംഭവ ദിവസവും തുടര്‍ന്നും അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ നടത്തിയ പ്രതികരണങ്ങളും സ്വീകരിച്ച നടപടികളും വെടിവയ്പ് ആസൂത്രതമായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു എന്നാണ് സി.പി.എം ആരോപിക്കുന്നത്.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍, ശനിയാഴ്ച മൂന്നരയോടു കൂടിയായിരുന്നു പുഷ്പന്‍ വിടപറഞ്ഞിരുന്നത്. അദ്ദേഹത്തെ ഓഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുഷ്പനെ കാണാന്‍ സാക്ഷാല്‍ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെ അനേകായിരങ്ങള്‍ ഇതിനകം തന്നെ മേനപ്രത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്. ബാലസംഘത്തിലൂടെയാണ് പുഷ്പന്റെ മനസ്സില്‍ ഇടതുപക്ഷ ആശയം വേരുറച്ചത്. നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. സ്‌കൂളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. വീട്ടിലെ പ്രയാസം കാരണം പഠനം നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി.
മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. ബംഗളൂരുവില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൂത്തു പറമ്പിലെ യുവജന സമരത്തില്‍ പങ്കെടുത്തിരുന്നത്. അത് പക്ഷേ ആ യുവാവിന്റെ ജീവിതത്തെ തന്നെയാണ് തകിടം മറിച്ചിരുന്നത്. പുഷ്പന്റെ അവസ്ഥ മനസ്സിലാക്കി ഡി.വൈ.എഫ്.ഐ നിര്‍മ്മിച്ചു നല്‍കിയ വീട്ടിലാണ് പുഷ്പന്‍ ഇതുവരെ താമസിച്ചു വന്നിരുന്നത്. ഒടുവില്‍ ഇപ്പോള്‍ പുഷ്പന്‍ കൂടി വിടവാങ്ങുമ്പോള്‍, അത് ഇടതുപക്ഷ പ്രവര്‍ത്തകരിലും അനുഭാവികളിലും ഉണ്ടാക്കുന്ന വേദനയും വളരെ വലുതാണ്.
കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് വിലാപയാത്രയായി എത്തിച്ച മൃതദേഹത്തെ ഉന്നത സി.പി.എം – ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും അനുഗമിച്ചു. തലശ്ശേരിയിലേക്ക് വരുന്ന വഴികളിലുടനീളം വിവിധ സ്ഥലങ്ങളില്‍ അന്ത്യോപചാരം അര്‍പ്പിക്കാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വലിയ കടന്നാക്രമണങ്ങള്‍ നേരിടുന്ന വര്‍ത്തമാന കാല രാഷ്ട്രീയ സാഹചര്യത്തില്‍, പോരാളികളുടെ ആവേശമായ പുഷപന് ആദരാഞ്ജലി അര്‍പ്പിക്കാനും അനുഗമിക്കാനും വന്‍ തോതില്‍ സി.പി.എം – ഡി. വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. തലശ്ശേരി ടൗൺ ഹാളിലെയും ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെയും പൊതുദർശനത്തിന് ശേഷം മേനപ്രത്തെ വീടിന് സമീപം ഭൗതിക ശരീരം സംസ്കരിച്ചു. കൂത്ത് പറമ്പിലെ സമരനായകന് നിലയ്ക്കാത്ത മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് പ്രവർത്തകർ അന്ത്യയാത്രയേകിയത്.