എക്‌സ് ജീവനക്കാരന്റെ പിരിച്ചുവിടല്‍; നഷ്ടപരിഹാരം നല്‍കണം

എക്‌സ് ജീവനക്കാരന്റെ പിരിച്ചുവിടല്‍; നഷ്ടപരിഹാരം നല്‍കണം
എക്‌സ് ജീവനക്കാരന്റെ പിരിച്ചുവിടല്‍; നഷ്ടപരിഹാരം നല്‍കണം

ജീവനക്കാരനെ അന്യായമായി പിരിച്ചുവിട്ട കേസില്‍ സോഷ്യല്‍ മീഡിയാ സേവനമായ എക്സ് മുന്‍ ജീവനക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് അയര്‍ലന്‍ഡ് വര്‍ക്ക് സ്പേസ് റിലേഷന്‍സ് കമ്മീഷന്‍. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ, 2022 ഡിസംബറില്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഗാരി റൂണി എന്ന ജീവനക്കാരന് 550,000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്നാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

2013 സെപ്റ്റംബര്‍ മുതല്‍ ട്വിറ്ററിന്റെ അയര്‍ലന്‍ഡ് യൂണിറ്റിലെ ജീവനക്കാരനായിരുന്നു റൂണി. ചൊവ്വാഴ്ചയാണ് വര്‍ക്ക് സ്പേസ് റിലേഷന്‍സ് കമ്മീഷന്‍ ഇത്രയും ഭീമമായ തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. കമ്മീഷന്‍ വിധിക്കുന്ന ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരത്തുകയാണിത്.
2022-ല്‍ ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം അടിയന്തരമായി നിരവധി പരിഷ്‌കാരങ്ങളാണ് മസ്‌ക് കമ്പനിയില്‍ നടപ്പാക്കിയത്. കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ മൂന്ന് മാസത്തെ നഷ്ടപരിഹാരത്തുക വാങ്ങി കമ്പനി വിടാനും ആവശ്യപ്പെട്ട് മസ്‌ക് ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചു ഇമെയിലില്‍ മസ്‌ക് മുന്നോട്ട് വെച്ച നിബന്ധനകള്‍ക്ക് സമ്മതം അറിയിക്കാന്‍ റൂണി ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് ഒരു ദിവസം മാത്രമാണ് സമയം നല്‍കിയത്.

നിങ്ങള്‍ ട്വിറ്ററിന്റെ ഭാഗമായിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ ‘യെസ്’ ക്ലിക്ക് ചെയ്യുക എന്ന് മസ്‌ക്ക് ഇമെയിലില്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. അല്ലാത്തവര്‍ മൂന്ന് മാസത്തെ നഷ്ടപരിഹാരത്തുക വാങ്ങി കമ്പനി വിടാനും ആവശ്യപ്പെട്ടു. റൂണി മെയിലിന് മറുപടി നല്‍കിയില്ല. മസ്‌കിന്റെ വ്യവസ്ഥ അംഗീകരിക്കാതിരുന്ന റൂണി സ്വമേധയാ കമ്പനി വിട്ടതാണെന്നാണ് എക്സിന്റെ വാദം. എന്നാല്‍ അത് അംഗീകരിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല. ‘ഈ രാജ്യത്ത് ഈ രീതിയില്‍ മസ്‌കോ ഏതെങ്കിലും വലിയ കമ്പനിയോ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ല.’എന്ന് കമ്മീഷന്‍ പറഞ്ഞു. കേസ് അത്രത്തോളം ഗൗരവതരമായതിനാലാണ് കമ്മീഷന്‍ ഇത്രയും വലിയ തുക നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടതെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ബാരി കെന്നി പറഞ്ഞു

Top