ശ്രീനഗര്‍: ഭീകരവാദികളെ കൊലപ്പെടുത്തുകയല്ല പകരം ജീവനോടെ പിടികൂടുകയാണ് വേണ്ടതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്താന്‍ ഭീകരവാദികളെ ചോദ്യം ചെയ്യുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഡ്ഗാമില്‍ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഫാറൂഖ് ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. ഭീകരവാദികളെ പിടികൂടിയാല്‍ മാത്രമേ ആരാണ് ഇത് ചെയ്യുന്നതെന്ന് കണ്ടെത്താന്‍ കഴിയൂവെന്നും ഫാറൂഖ് പറഞ്ഞു.
Also Read: കര്‍ണാടക ഉത്പന്നങ്ങളുടെ പാക്കറ്റില്‍ കന്നഡ ലേബല്‍ നിര്‍ബന്ധമാക്കും :സിദ്ദരാമയ്യ
അതേസമയം ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയ്ക്കെതിരേ ജമ്മു കശ്മീര്‍ ബി.ജെ.പി. അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന രംഗത്തെത്തി. ഭീകരവാദം പാകിസ്താനില്‍ നിന്നാണ് വരുന്നതെന്ന് ഫാറൂഖ് അബ്ദുള്ളയ്ക്കറിയാം. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണിത്. ഇതില്‍ എന്താണ് അന്വേഷിക്കാനുള്ളത്. നമ്മള്‍ എല്ലാവരും സൈന്യത്തെയും പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പിന്തുണയ്ക്കണം. മാനവികതയുടെ ശത്രുക്കള്‍ക്കെതിരേ ഒരുമിച്ച് പൊരുതണമെന്നും രവീന്ദര്‍ റെയ്ന കൂട്ടിച്ചേര്‍ത്തു.