CMDRF

പരീക്ഷണയോട്ടം നടത്തി സുസുക്കി ഹ‌സ്‌ലർ

പരീക്ഷണയോട്ടം നടത്തി സുസുക്കി ഹ‌സ്‌ലർ
പരീക്ഷണയോട്ടം നടത്തി സുസുക്കി ഹ‌സ്‌ലർ

മൈക്രോ എസ് യു വി വിഭാഗത്തിലേക്ക് പുതിയ മോഡലിനെ സുസുക്കി അവതരിപ്പിക്കുന്നുവെന്ന സൂചനയുമായി ഹ‌സ്‌ലറിന്റെ റോഡ് ടെസ്റ്റ് ദൃശ്യങ്ങൾ പുറത്ത്. ജപ്പാനിലെ ജനപ്രിയ ചെറു കാർ വിഭാഗമായ കെയ് കാറുകളിലെ താരമായ ഹ‌സ്‌ലറിന്റെ വരവ് മറ്റു പല കമ്പനികളുടേയും നെഞ്ചിടിപ്പു കൂട്ടും. മാരുതി സുസുക്കി എന്ന ബ്രാൻഡിന്റെ വിശ്വാസ്യതയിൽ ഹ‌സ്‌ലർ ഇന്ത്യയിലെത്തിയാൽ ടാറ്റ പഞ്ചിന്റേയും ഹ്യുണ്ടേയ് എക്സ്റ്ററിന്റേയുമെല്ലാം വിൽപനയെ അത് നേരിട്ടു ബാധിക്കാനിടയുണ്ട്

ജനങ്ങളുടെ താൽപര്യം തിരിച്ചറിഞ്ഞ് മോഡലുകൾ അവതരിപ്പിക്കുന്നതിൽ കാലങ്ങളായി മികവു പുലർത്തിയിട്ടുള്ളവരാണ് മാരുതി സുസുക്കി. യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അവർ അടുത്തിടെ നയം വ്യക്തമാക്കിയതുമാണ്. ബ്രസ, ഫ്രോങ്‌സ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളുടെ വിജയവും ഈ തീരുമാനത്തിന് കമ്പനിയെ പ്രേരിപ്പിച്ചിരിക്കാം

പരമ്പരാഗമായി ചെറുകാറുകളെ ഇഷ്ടപ്പെട്ടിരുന്ന ആദ്യമായി കാർ വാങ്ങുന്നവർ പോലും ഇപ്പോൾ ക്രോസ് ഓവറുകളിലേക്കും എസ് യു വികളിലേക്കും എം പി വികളിലേക്കും കളം മാറ്റി ചവിട്ടുന്ന പ്രവണത ഇന്ത്യൻ കാർ വിപണിയിൽ കാണുന്നുണ്ട്. ഈ മാറ്റം തിരിച്ചറിഞ്ഞുകൊണ്ട് സുസുക്കി ഹസ്ലർ ഇന്ത്യയിൽ അവതരിപ്പിച്ചാൽ അത് വിപണിയെ സ്വാധീനിക്കാനാണ് സാധ്യത. ഇതുവരെ ഹ‌സ്‌ലറിന്റെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ച് മാരുതി സുസുക്കി ഒരക്ഷരം പോലും ഔദ്യോഗികമായി മിണ്ടിയിട്ടില്ല. അപ്പോഴും ന്യൂഡൽഹിയിലെ റോഡുകളിൽ നടത്തിയ ഹസ്ലറിന്റെ ടെസ്റ്റ് ഡ്രൈവ് കമ്പനിയുടെ ചാട്ടം എങ്ങോട്ടാണെന്നതിന്റെ സൂചനയും നൽകുന്നു.

കുഞ്ഞൻ ഹ‌സ്‌ലർ

സുസുക്കി ഹ‌സ്‌ലർ എന്ന മൈക്രോ എസ് യു വി 2014ലാണ് രാജ്യാന്തര വിപണിയിൽ പുറത്തിറക്കുന്നത്. മാരുതി സുസുക്കിയുടെ എൻട്രി ലെവൽ മൈക്രോ എസ് യു വിയായ എസ് പ്രസോയേക്കാൾ ചെറിയ വാഹനമാണ് ഹ‌സ്‌ലർ. ബോക്‌സി ടോൾ ബോയ് ഡിസൈനാണ് ഹ‌സ്‌ലറിന്. 3,300 എംഎം നീളം, 1,680 എംഎം ഉയരം, 2,400 എംഎം വീൽബേസ്. ഇന്ത്യൻ കാർ വിപണിയിലെ കുഞ്ഞന്മാരായ ഓൾട്ടോ കെ10, എംജി കോമറ്റ് ഇവി എന്നിവർക്കൊപ്പമാണ് വലിപ്പത്തിൽ ഹ‌സ്‌ലറുടെ സ്ഥാനം. ഈ വലിപ്പക്കുറവ് ഹ‌സ്‌ലറിന്റെ കാര്യത്തിൽ തിരിച്ചടിയാവാനുള്ള സാധ്യത തള്ളാനുമാവില്ല.
തിരക്കേറിയ നഗരയാത്രകൾക്ക് അനുയോജ്യമാണ് മൈക്രോ എസ് യു വി ഹ‌സ്‌ലർ. അതുകൊണ്ടുതന്നെ വലിപ്പവും വമ്പത്തരവും കണക്കിലെടുക്കാതെ പ്രായോഗികതക്ക് പ്രാധാന്യം നൽകുന്നവർ ഹസ്ലറിനെ സ്വീകരിക്കാനും ഇടയുണ്ട്. തിരക്കേറിയ റോഡുകളിലൂടെ അനായാസം പോവുന്നതിനും എളുപ്പം പാർക്കു ചെയ്യുന്നതിനും ഹ‌സ്‌ലറിന് സാധിക്കും. നാച്ചുറലി അസ്പയേഡ്, ടർബോചാർജ്ഡ് വിഭാഗങ്ങളിൽ 660 സിസി പെട്രോൾ എൻജിൻ ലഭ്യമാവും. ടർബോ ചാർജ്ഡിൽ 64 ബിഎച്ച്പി കരുത്തും നാച്ചുറലി അസ്പയേഡ് എൻജിനിൽ 48 ബിഎച്ച്പി കരുത്തും പുറത്തെടുക്കും. മാനുവൽ ഗിയർബോക്‌സില്ല, സിവിടി മാത്രം. ഓൾവീൽഡ്രൈവ് ഒരു ഓപ്ഷനായി സുസുക്കി നൽകാനും സാധ്യതയുണ്ട്. വൈവിധ്യങ്ങളാൽ അമ്പരപ്പിക്കുന്ന ഇന്ത്യയിലെ കാർ വിപണിയിൽ സ്വന്തം നിലക്ക് വിപണി കണ്ടെത്താൻ സാധ്യതയുള്ള മോഡലുകളിലൊന്നായിരിക്കും ഹ‌സ്‌ലർ.

Top