ബാങ്കോക്ക്: സ്വവര്‍ഗ വിവാഹങ്ങളെ നിയമവിധേയമാക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായി തായ്ലന്‍ഡ്. ബുധനാഴ്ച്ച പാര്‍ലമെന്റില്‍ വിവാഹ സമത്വ ബില്‍ പാസാക്കിയതോടെയാണ് പുതു ചരിത്രം പിറന്നത്. തായ്‌ലന്‍ഡില്‍ ബില്‍ നിയമമായി മാറാന്‍ സെനറ്റിന്റെ അംഗീകാരവും രാജാവിന്റെ അനുമതിയും വേണം. ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നിന്നാണ് ബില്‍ പാസ്സാക്കിയെടുത്തത്. 415 പാര്‍ലമെന്റ് അംഗങ്ങളില്‍ 400 പേരും ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു. 10 പേര്‍ മാത്രം എതിര്‍ത്ത് വോട്ട് ചെയ്തു.
സമൂഹത്തിലെ അസമത്വം കുറയ്ക്കുന്നതിനും സമത്വം സൃഷ്ടിക്കുന്നതിനും വേണ്ടി എല്ലാ തായ് മനുഷ്യര്‍ക്കും വേണ്ടിയാണ് ഈ ബില്ലെന്ന് പാര്‍ലമെന്റ് കമ്മറ്റി ചെയര്‍മാന്‍ ഡാനുഫോര്‍ണ്‍ പുന്നകാന്ത പറഞ്ഞു. രാജാവിന്റെ അനുമതി കൂടി കിട്ടുന്നതോടെ 120 ദിവസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ ഏഷ്യയില്‍ നേപ്പാളും തായ്‌വാനുമാണ് സ്വവര്‍ഗ വിവാഹങ്ങള്‍ നിയമ വിധേയമാക്കിയ രാജ്യങ്ങള്‍.