CMDRF

പിവിആര്‍ വിഷയത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലിക്ക് നന്ദി അറിയിച്ച് ഫെഫ്ക

പിവിആര്‍ വിഷയത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലിക്ക് നന്ദി അറിയിച്ച് ഫെഫ്ക
പിവിആര്‍ വിഷയത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലിക്ക് നന്ദി അറിയിച്ച് ഫെഫ്ക

കൊച്ചി: പിവിആര്‍ വിഷയത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലിക്ക് നന്ദി അറിയിച്ച് ഫെഫ്ക. ഇന്ത്യയിലുള്ള പിവിആര്‍ സിനിമാസില്‍ മലയാളം സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന തീരുമാനത്തെയാണ് യൂസഫ് അലിയുടെ ഇടപെടലോടെ ഒത്തുതീര്‍പ്പായത്. അദ്ദേഹത്തെ നേരിട്ട് കണ്ട് ഞങ്ങളുടെ സ്‌നേഹാദരങ്ങളറിയിച്ചുവെന്നും ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ കുറിച്ചു.

പിവിആര്‍ എന്ന തീയറ്റര്‍ ശൃംഖല ഇന്ത്യയിലെ അവരുടെ സ്‌ക്രീനുകളില്‍ മലയാളം സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന അങ്ങേയറ്റം അപലപനീയമായ തീരുമാനമെടുത്തപ്പോള്‍, ഫെഫ്ക അതിനെതിരെ കൃത്യമായ പ്രതിരോധം തീര്‍ത്തു. ഈ വിഷയത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ചു കൊണ്ട് ഞങ്ങള്‍ ശ്രീ. എം എ യൂസഫലിക്ക് മെയില്‍ അയച്ചു. തുടര്‍ന്ന്, അദ്ദേഹം നടത്തിയ ക്രിയാത്മകമായ ഇടപെടലുകളാണ് പ്രശ്‌നപരിഹാരത്തിന് കാരണമായത്. ഇന്ന് അദ്ദേഹത്തെ നേരിട്ട് കണ്ട് ഞങ്ങളുടെ സ്‌നേഹാദരങ്ങളറിയിച്ചു. എന്നോടൊപ്പം, ഫെഫ്ക പ്രസിഡന്റ് ശ്രീ.സിബി മലയില്‍, ഫെഫ്ക ഡയറക്റ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ശ്രീ. രണ്‍ജി പണിക്കര്‍, ഫെഫ്ക വര്‍ക്കിങ്ങ് സെക്രറ്ററി ശ്രീ.സോഹന്‍ സീനുലാല്‍ എന്നിവരും ഉണ്ടായിരുന്നു. ശ്രീ. എം എ യൂസഫലിക്ക് നന്ദി, സ്‌നേഹം.

കൊച്ചി ഫോറം മാളിലെ പിവിആര്‍ സ്‌ക്രീനില്‍ തങ്ങളുടെ ഡിജിറ്റല്‍ കണ്ടന്റ് ഉപയോഗിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളിയതിന് പിന്നാലെയായിരുന്നു പിവിആര്‍ രാജ്യത്താകമാനമുള്ള തങ്ങളുടെ തിയേറ്ററുകളില്‍ നിന്ന് മലയാള സിനിമകള്‍ ഒഴിവാക്കിയത്. തുടര്‍ന്ന് നിയമ നടപടിക്കൊരുങ്ങുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ ഫെഫ്കയും നിലപാടെടുത്തു. പിന്നാലെയാണ് പിവിആര്‍ എംഡി അജയ് ബിജിലിയുടെ ഫോണിലേക്ക് എം എ യൂസഫ് അലി വിളിക്കുന്നത്. വിഷുവിന് ഒരു മലയാള ചിത്രം പോലും പ്രദര്‍ശിപ്പിക്കില്ലെന്ന് തീരുമാനിച്ച പിവിആര്‍ എംഡിയോട് മലയാളികള്‍ക്ക് വിഷു അത്രമേല്‍ പ്രധാനപ്പെട്ടതാണ്. വിഷുക്കാലത്ത് അവര്‍ക്ക് സിനിമകള്‍ മുടക്കരുത് എന്നും അദ്ദേഹം അഭ്യര്‍ഥച്ചു.

മലയാള സിനിമ നിര്‍മ്മാതാക്കളും സംവിധായകരും നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ ഫലം കാണാതായതോടെയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ യൂസഫലിക്ക് മെയില്‍ അയച്ചത്. യുകെയിലായിരുന്ന യൂസഫലി ഉടന്‍ തന്നെ പിവി ആര്‍ എംഡിയെ ബന്ധപ്പെടുകയായിരുന്നു. നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും സംഘടനാ നേതാക്കളുമായി തുടര്‍ ചര്‍ച്ചയ്ക്ക് ശേഷം ദിവസങ്ങളായുള്ള പിവിആര്‍ ഗ്രൂപ്പിന്റെ ബഹിഷ്‌കരണം ഏപ്രില്‍ 13ഓടെയാണ് അവസാനിച്ചത്.

Top