വട്ടിയൂർക്കാവ്: തൃശൂരിലെ തോൽവിയിൽ കെ മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതിനിടയിൽ നിലപാട് മയപ്പെടുത്തി കെ മുരളീധരൻ. താൻ വട്ടിയൂർക്കാവ് മണ്ഡലം വിട്ട ശേഷം സംഘടന ദുർബലമായെന്നും പാർട്ടിയെ ശക്തിപെടുത്താൻ മണ്ഡലത്തിൽ സജീവമാകുമെന്നും കെ മുരളീധരൻ. വട്ടിയൂർക്കാവിലെ പാർട്ടിയുടെ പ്രവർത്തനം താഴോട്ട് പോയിട്ടുണ്ട്. അത് നേരെയാക്കുകയാണ് തന്റെ ലക്ഷ്യം. എന്നാൽ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിക്കുന്ന കാര്യമാണെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം അടുത്ത നിയമ സഭാതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് മുരളീധരനെ മത്സരിപ്പിക്കുന്നതിൽ പാർട്ടി നേതൃത്വം നിന്നും പച്ച കൊടി കാണിച്ചുവെന്നാണ് സൂചന എന്നും ടെലിവിഷൻ മാധ്യമത്തോട് പറഞ്ഞു.
നേരത്തെ വട്ടിയൂർക്കാവിൽ എംഎൽഎയായിരുന്ന മുരളീധരൻ പാർട്ടിയുടെ നിർദേശ പ്രകാരമാണ് വടകരയിലേക്കും നേമത്തിലേക്കും തൃശൂരിലേക്കും കളം മാറുന്നത്. പാർട്ടിയുടെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന മുരളീധരനെ എല്ലാ അർത്ഥത്തിലും പരിഗണിക്കണമെന്നാണ് ഹൈക്കമാൻഡിന്റെയും നിർദേശം. നേരത്തെ കെപിസിസിയുടെയും യുഡിഎഫിന്റെയും നേതൃത്വ സമിതിയിൽ പങ്കെടുത്തിരിന്നില്ലെങ്കിലും മുരളിധരനെതിരെ പാർട്ടി നടപടി എടുത്തിരുന്നില്ല. മുരളീധരൻ അദ്ദേഹത്തിന് സൗകര്യമായ സമയത്ത് രാഷ്ട്രീയത്തിൽ സജീവമാകട്ടെ എന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ കെ മുരളീധരൻ എന്നാൽ ഇതിനകം തന്നെ വട്ടിയൂർക്കാവിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തൃശൂർ തോൽവിയിൽ അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്നും സത്യസന്ധമായ റിപ്പോർട്ട് തന്നെയാവും സമർപ്പിക്കുക എന്ന പ്രതീക്ഷയിലാണ് താനെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.